തിരുവനന്തപുരം: ചിമ്മിനി വിളക്കിന് വിടപറഞ്ഞ് ഇന്നലെ ആദിത്യന് വൈദ്യുതി ബള്‍ബിന്റെ വെട്ടത്തില്‍ പഠിച്ചു. ഡീസലിന്റെ മണമില്ലാതെ ഭക്ഷണവും കഴിച്ചു. വിലയ്ക്ക് വാങ്ങിയ സ്ഥലത്തെ ഷീറ്റ് കൊണ്ട് മറച്ച കൂരയിലേക്കുള്ള വഴി, വസ്തു ഉടമ മതില്‍കെട്ടി അടച്ചതു കാരണം വഴിയും വൈദ്യുതിയും നിഷേധിക്കപ്പെട്ട ആദിത്യന്റെ കുടുംബത്തിന് വഴിയും വൈദ്യുതിയും ലഭിച്ചു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടായത്.
വഴി അടച്ചതോടെ വൈദ്യുതി ഇല്ലാതെ ദുരിതത്തിലായ ഒന്നാം ക്ലാസുകാരന് ആറ്റിങ്ങല്‍ ഇളമ്പ പാവൂര്‍ക്കോണം ആദി ഭവനിലെ ആദിത്യന്റെയും കുടുംബത്തിന്റെയും ദുരിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. റവന്യൂ വകുപ്പിലടക്കം പരാതി നല്‍കിയെങ്കിലും പട്ടികജാതി കുടംബത്തിന് നീതി ലഭിച്ചിരുന്നില്ല. വാര്‍ത്ത പുറത്ത് വന്നതോടെ റവന്യൂ മന്ത്രി കെ.രാജനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ഇതോടെ വഴിയും വൈദ്യുതിയും ആദിത്യന് ലഭിക്കുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട റവന്യൂ മന്ത്രി കെ.രാജന് തഹല്സീദാറോട് അടിയന്തര ഇടപെടലിന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തഹല്‍സിദാര്‍ ജാസ്മിന് ജോര്‍ജ്ജ് സ്ഥലത്തെത്തി വസ്തു ഉടമയുമായി സംസാരിച്ച് ധാരണയിലെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോസ്റ്റിനുള്ള എസ്റ്റിമേറ്റ് എടുത്ത് മടങ്ങി. ഇന്നലെ രാവിലെ റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വസ്തു ഉടമയുടെ അനുമതിയോടെ തന്നെ മതില് പൊളിച്ചുനീക്കി. ഒരുവര്‍ഷം മുന്നേ തന്നെ വയറിങ് നടത്തിയിരുന്നതിനാല്‍ മൂന്ന് പോസ്റ്റിട്ട് മീറ്ററും സ്ഥാപിച്ച് വൈദ്യുതിയും നല്കി.
വൈദ്യുതി ഇല്ലാത്തതിനാല്‍ ചിമ്മിനിവെട്ടത്തിലായിരുന്നു ആദിത്യന്റെയും കുടുംബത്തിന്റെയും ജീവിതം. മണ്ണെണ്ണ കിട്ടാത്തതിനാല്‍ ഡീസല്‍ ഉപയോഗിച്ചാണ് ചിമ്മിനി കത്തിച്ചിരുന്നത്. ഒരുവയസുള്ള ആദിത്യന്റെ അനിയന് ചിമ്മിനി എടുക്കും. അതിനാല്‍ അവന് ഉറങ്ങിയശേഷമാണ് ചിമ്മിനി കത്തിച്ച് ആദിത്യന് പഠിക്കുന്നതും ഭക്ഷണം കഴിക്കുന്നതും. പഠിക്കുന്നതിനിടെ ഒരിക്കല്‍ ചിമ്മിനിയില്‍ നിന്നും ആദിത്യന്റെ മുടിയും വീട്ടിലെ ടാര്‍പ്പോളിനും തീപിടിച്ചിരുന്നു. ഡീസലിന്റെ കറുത്തപുക വീടിനുള്ളില്‍ നിറയുന്നതോടെ ഭക്ഷണത്തില്‍ പോലും ഡീസലിന്റെ മണം വരുമായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബാലവാകശ കമ്മീഷന് മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വാത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുടുംബം അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി രണ്ട് ആഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: