പ്രണയത്തിന്റെ നഗരം, കലയുടെ നഗരം, വെളിച്ചത്തിന്റെ നഗരം, പലതാണ് പേരുകള്‍ പാരീസിന് ഇറ്റലിയിലെ മിലാനും ഇംഗ്ലണ്ടിലെ ലണ്ടനും അമേരിക്കയിലെ ന്യൂയോര്‍ക്കിനും ഒപ്പം പാരീസിനും ലോക ഫാഷന്‍ ഭൂപടത്തില്‍ ഒരു സ്ഥാനമുണ്ട്. വന്‍കിട ആഡംബര ബ്രാന്‍ഡുകളായ ലൂയി വുട്ടനും ഹമീസും ബാലെന്സിയാഗയും ഷാനലും സെന്റ് ലാറനും ഒക്കെ ജനിച്ചത് ഇവിടെയാണ്. ഗ്ലാമറിന്റെ ഈ മണ്ണിലേക്കാണ് ഇത്തവണ ഒളിംപിക്സ് അഴകും കടന്നുവന്നത്.
ലോകത്തെ സ്വാധീനിക്കുന്ന ഫ്രഞ്ച് ഫാഷന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അല്ല, പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്റെ കാലത്ത് തന്നെ യൂറോപ്പില്‍ തരംഗം തീര്‍ത്ത ഫ്രഞ്ച് ഫാഷന്റെ ഗ്ലാമര്‍ കാണാം. ഒളിംപിക്സ് മത്സരങ്ങള്‍ നടക്കുന്ന വേര്‍സായി കൊട്ടാരത്തില്‍ ലൂയി പതിനാലാമന്റെയും പിന്‍ഗാമികളുടെയും ശേഷിപ്പുകള്‍ മങ്ങാതെ ഇപ്പോഴും കാണാം. ചൂടും തണുപ്പും കാലത്തിനനുസരിച്ച് യൂറോപ്പിനെ വസ്ത്രം നെയ്യാനും ഉടുക്കാനും പഠിപ്പിച്ചത് ഈ കാലമാണ്.
ഒളിംപിക്സ് വേദികളിലും ആഡംബര ബ്രാന്‍ഡുകള്‍ പിടി മുറുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഉള്ള മെഡലുകള്‍ നിര്‍മിച്ച ഷോമേ ഫ്രാന്‍സിലെ അതി പുരാതനമായ ആഭരണ, വാച്ച് നിര്‍മാതാക്കള്‍ ആണ്. ഈ മെഡലുകള്‍ സൂക്ഷിക്കുവാനുള്ള ട്രങ്കുകള്‍ നിര്‍മ്മിച്ചത് ലോകത്തിലെ മുന്‍നിര ആഡംബര ബാഗ് നിര്‍മാതാക്കളായ ലൂയി വൂട്ടനും.
താരങ്ങളുടെ ജേഴ്സികളിലും ഉണ്ട് ഫാഷന്‍ ബ്രാന്‍ഡുകള്‍.
ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മാറ്റ് പകര്‍ന്ന് സെന്‍ നദിയിലൂടെ നീങ്ങിയ ഫ്രഞ്ച് താരങ്ങളുടെ ജേഴ്സി നിര്‍മിച്ചത് ലൂയി വുട്ടന്റെ മറ്റൊരു ബ്രാന്‍ഡ് ആയ ബെര്ലുറ്റിയാണ്.
മറ്റ് രാജ്യങ്ങള്‍ ആകട്ടെ ലോക ഫാഷന്റെ തലസ്ഥാനത്ത് എത്തിയത് തങ്ങളുടെ തനത് സംസ്കാരം പ്രതിഫലിപ്പിക്കുന്ന, തദ്ദേശീയ ഡിസൈനര്‍മാര്‍ നിര്‍മിച്ച വസ്ത്രങ്ങളുമായാണ്. രാള്‍ഫ് ലാറേനുമായി അമേരിക്കയും യൂറോപ്യന്‍ വസ്ത്രങ്ങളില്‍ തദ്ദേശീയ ശൈലി പതിപ്പിച്ച മംഗോളിയയുടെ മിഷേല്‍ ആന്‍ഡ് ആമസോണ്കയും ചുവന്ന മാപ്പിള്‍ ഇലകള്‍ ജാക്കറ്റില്‍ പതിപ്പിച്ച് കാനഡയുടെ ലുലു ലെമണും ഇന്നലെ സെന്‍ നദിയില്‍ നടന്ന പരേഡില്‍ ഫാഷന്‍ കുതൂകികളുടെ കൈയടി നേടി.
ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ഈ ഒളിംപിക്സ് കാലം മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്ന് തോന്നുന്നില്ല, അവരുടെ രാജ്യത്തിന്റെ തനതായ സാംസ്കാരിക പൈതൃകം ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വേദിയില്‍ ഉയര്‍ത്തിക്കാട്ടുന്നത് ദേശീയ അഭിമാനത്തിന്റെയും വ്യക്തിത്വത്തിന്റെയും വിഷയമാണ്.
പാരീസ് വീണ്ടും ചരിത്രം രചിക്കുകയാണ്, കായികലോകത്ത് പുതിയ ഒരു ഫാഷന്‍ കേന്ദ്രീകൃതമായ അധ്യായം കൂടി അടയാളപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: