ലോകം കാത്തിരുന്ന പൂരത്തിന് ഇന്ന് ഫ്രാന്‍സില്‍ കൊടിയേറുകയാണ്. 206 രാജ്യങ്ങളില്‍ നിന്നായി 10,500 കായിക താരങ്ങള്‍ ഇനി നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ശക്തരെയും ശക്തരില്‍ ശക്തരെയും അട്ടിമറിക്കു കാത്തുനില്ക്കുന്ന കറുത്ത കുതിരകളെയുമൊക്കെ സസൂക്ഷ്മം വീക്ഷിച്ച് ലോക കായിക ലോകത്തിന്റെ കണ്ണുകള്‍ ഇനി രണ്ടാഴ്ച പാരീസില്‍.
കഴിഞ്ഞ വേനല്‍ക്കാല ഒളിംപിക്സ് നടന്ന ടോക്കിയോയില്‍ നിന്നു പാരീസിലേക്ക് 10,000 കിലോമീറ്ററുണ്ട്, പക്ഷേ ആ ആവേശത്തിന്റെ അലയൊലികള്‍ ഇങ്ങ് പാരീസിലെത്താന്‍ നാലു വര്‍ഷം വേണ്ടി വന്നില്ലെന്നതാണ് സത്യം.
നൂറു വര്‍ഷത്തിനപ്പുറം വെളിച്ചത്തിന്റെ നഗരമായ പാരീസിലേക്ക് വീണ്ടും ആ ദീപശിഖയെത്തുമ്പോള് പുതിയൊരു ഏടാണ് ഈ രാജ്യം ഒളിംപിക്സ് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്നത്. അടച്ചുമൂടിയ സ്റ്റേഡിയങ്ങളില്‍ മാത്രം നടത്തി, കണ്ടുപഴകിയ പഴയ ഒളിംപിക്സ് പ്രോട്ടോകോളുകളില്‍ നിന്നൊക്കെ മാറി തങ്ങളുടെ അഭിമാനമായ സെന്‍ നദിയിലൂടെ വര്‍ണാഭമായ പരേഡ് നടത്തിയാണ് ഇത്തവണ പാരീസ് ലോകത്തെ സ്വീകരിക്കുന്നത്…
റഷ്യ-ഉക്രൈന് യുദ്ധം, ഇസ്രായേല്‍-പാലസ്തീന് സംഘര്‍ഷം എന്നിവയൊക്കെ ലോക രാജ്യങ്ങളെ രണ്ടു തട്ടിലാക്കിയ ഇക്കാലത്ത്, ഈ രാജ്യങ്ങളെയെല്ലാം ഒരു കുടക്കീഴില് അണിനിരത്തുന്ന പാരീസ് ഒളിംപിക്സിന് ലോക സമാധാനത്തിനായി വലിയൊരു ചുമതല തന്നെ നിര്‍വഹിക്കാനുണ്ട്.
‘തമ്മില്‍ മത്സരിക്കാന്‍ വിഘടിച്ചു നില്‍ക്കേണ്ടതില്ലെന്നും ഒരുമിച്ചു സമാധാനപരമായി മത്സരിച്ചു ജയിക്കാന്‍ കഴിയുമെന്നും ഒളിംപിക്സ് മത്സരാര്‍ത്ഥികള്‍ നിങ്ങള്‍ക്ക് കാണിച്ചുതരും’ എന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് പ്രസിഡന്റ് തോമസ് ബാച്ചിന്റെ പ്രസ്താവന ലോക നേതാക്കള്‍ക്കു നേരേയുള്ള ചൂണ്ടുവിരലാണ്, കളിയിലൂടെ മനസ്സ് കീഴടക്കുന്ന മായാജാലമാകുകയാണ് ഒളിംപിക്സ്… ഇരുകൈകളും നീട്ടി സെന്‍ വിളിക്കുന്നു…
ബിയവന്യു ആ പാരി…
പാരീസിലേക്കു സ്വാഗതം…
ഒളിംപിക്സിന് ജന്മഭൂമിയും
ഒളിംപിക്സ് വിശേഷങ്ങള്‍ പാരീസിന്റെ തട്ടകത്തുനിന്ന് ജന്മഭൂമിക്കായി മാധ്യമ പ്രവര്‍ത്തകനും മാനേജ്മെന്റ് പ്രൊഫഷണലുമായ അര്ജുന് ചക്രത്തറ വായനക്കാരിലെത്തിക്കും. ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ അര്ജുന് അഞ്ചു വര്‍ഷത്തിലേറെയായി പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ജി7 ജര്‍മനിയില്‍ നടക്കുമ്പോള്‍ ഭാരത പ്രതിനിധി സംഘത്തിന്റെ മാധ്യമ വിഭാഗത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: