ന്യൂദല്‍ഹി: ഭാരതത്തിന്റെ ഗഗന്യാന് ദൗത്യസംഘത്തിലെ രണ്ട് പേര്‍ക്ക് ടെക്സാസിലുള്ള, നാസയുടെ ജോണ്സണ് സ്പേസ് സെന്ററില്‍ പരിശീലനം നല്‍കും. ആഗസ്ത് മുതലാണ് നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി പരീശിലന പരിപാടി നടത്തുന്നത്.
ഈ വര്‍ഷം അവസാനം രണ്ടു യാത്രികരില്‍ ഒരാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കും. സ്വകാര്യ അമേരിക്കന്‍ കമ്പനികളായ സ്പേസ് എക്സും അക്സോമിയവും സംയുക്തമായാകും ഗഗന്യാത്രികനെ അന്താരാഷ്ട്ര നിലയത്തിലെത്തിക്കുക.
ഭാരത വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരുടെ സംഘത്തില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരെ ഐഎസ്എസ് മൊഡ്യൂളുകളും പ്രോട്ടോക്കോളുകളും പരിചയപ്പെടുത്തും. ബഹിരാകാശ നിലയത്തില്‍ ഇവര്‍ അതികഠിനമായ പരിശീലനങ്ങള്‍ക്ക് വിധേയരാകും.
അടിയന്തരഘട്ടത്തില്‍ ആവശ്യമായ തയാറെടുപ്പുകള്‍, ദൗത്യത്തിന് ഉപയോഗിക്കുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങള്‍ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളും ഇരുവരെയും പഠിപ്പിക്കും. നേരത്തെ മോസ്കോയിലെ യൂറി ഗഗാറിന് കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലും പരിശീലനം നേടിയിട്ടുണ്ട്.
2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് ഗഗന്യാന് ദൗത്യത്തിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: