പാരിസ്: ഇന്ന് നടക്കുന്ന വ്യക്തിഗത അമ്പെയത്തിന്റെ റാങ്കിങ് റൗണ്ട് മത്സരത്തോടെ ഭാരത താരങ്ങളുടെ ഒളിംപിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 12ന് വനിതകളുടെ അമ്പെയ്ത്താണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ന് തുടങ്ങുന്ന അമ്പെയ്ത്ത് ഇനങ്ങള്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് അവസാനിക്കുന്നത് ആഗസ്ത് നാലിനാണ്. ഭാരതത്തിനായി ഇന്ന് ഇറങ്ങുന്നത് ആറ് താരങ്ങളാണ്. വനിതകളില്‍ ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍ എന്നിവരാണ് മത്സരിക്കുക. പുരുഷ അമ്പെയ്ത്തിന്റെ വ്യക്തിഗത ഇന റാങ്കിങ് റൗണ്ടില്‍ പങ്കെടുക്കുന്നത് തരുണ്‍ദീപ് റായി, പ്രവീണ്‍ ജാധവ്, ധീരജ് ബൊമ്മദേവര എന്നിവര്‍. ഞായറാഴ്ചയാണ് അമ്പെയ്ത്തിന്റെ ടീം ഇന മത്സരങ്ങളുടെ തുടക്കം. വ്യക്തിഗത ഇനങ്ങളുടെ നോക്കൗട്ട് റൗണ്ടുകള്‍ 30, 31 തീയതികളിലും ആഗസ്ത് ഒന്നിനുമാണ്. ടീം ഇനത്തിന്റെ നോക്കൗട്ട് ആഗസ്ത് രണ്ടിന് ആരംഭിക്കും.
പുതുമുഖമായി ഭജന്‍ കൗര്‍
18 വയസേയുള്ളു കരിയറില്‍ ആദ്യമായി ഒളിംപിക്സിനിറങ്ങുന്ന ബജന്‍ കൗറിന്. കഴിഞ്ഞ മാസം അന്റാല്യയിലും തുര്‍ക്കിയിലുമായി നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തില്‍ സ്വര്‍ണനേട്ടത്തോടെയാണ് താരം പാരിസിലേക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ സംഘത്തില്‍ ഭജന്‍ ഉള്‍പ്പെട്ടിരുന്നു.
അങ്കിത ഭകത്
പ്രായം 26 വയസ്സെത്തിയെങ്കിലും താരത്തിന്റെ കന്നി ഒളിംപിക്സ് ആണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ ടീം ഇന വെങ്കല നേട്ടമാണ് എടുത്തു പറയാനുള്ളത്. ഇക്കൊല്ലം നടന്ന ലോക അമ്പെയ്ത്ത് ഒളിംപിക് യോഗ്യത മത്സരത്തിന്റെ ഫൈനലിലെത്തിയാണ് യോഗ്യത ഉറപ്പിച്ചത്.
ദീപിക കുമാരി
2012ലെ ലണ്ടന്‍ ഒളിംപിക്സ് മുതല്‍ മത്സരിക്കുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തോളം കരിയറില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് ഇത്തവണ താരത്തിന്റെ വരവ്. വനിതാ അമ്പെയ്ത്തില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരമാണ് ദീപിക കുമാരി. എന്നാല്‍ പലപ്പോഴും നിരാശപ്പെടുത്തിയിട്ടുമുണ്ട്.
തരുണ്‍ ദീപ് റായ്
ദീപികയെ പോലെ തരുണിനും ഇത് നാലാം ഒളിംപിക്സ് ആണ്. 2005ലും 2019ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള താരമാണ്. ഏഷ്യന്‍ ഗെയിംസ്, അമ്പെയ്ത്ത് ലോകകപ്പ് എന്നിവയിലെല്ലാം മെഡല്‍ സ്വന്തമാക്കിയിട്ടുള്ള ഈ പുരുഷ താരത്തിന് 40 വയസെത്തിനില്ക്കുമ്പോഴും കിട്ടാക്കനിയായി തുടുരന്നത് ഒളിംപിക്സ് മെഡല്‍ മാത്രമാണ്.
പ്രവീണ്‍ ജാധവ്
ദീപികയ്ക്കും തരുണിനും പിന്നില്‍ ഏറ്റവും കൂടുതല്‍ പരിചയ സമ്പത്തുള്ള താരമാണ് പ്രവീണ്‍ ജാധവ്. ഇക്കൊല്ലത്തെ അമ്പെയ്ത്ത ലോകകപ്പ് പുരുഷ ടീം ഇനത്തില്‍ തരുണ്ദീപിനും യുവതാരം ധീരജ് ബൊമ്മദേവരയും ഉള്‍പ്പെട്ട സംഘം സ്വര്‍ണം നേടിയിരുന്നു. നീണ്ട 14 വര്‍ഷത്തിന് ശേഷം ഭാരതം പുരുഷ റീകര്‍വ് ഇനത്തില്‍ നേടുന്ന ആദ്യ സ്വര്‍ണമെഡലായിരുന്നു ഇത്.
ധീരജ് ബൊമ്മ ദേവര
22കാരനായ ധീരജിന്റെ ആദ്യ ഒളിംപിക്സ് ആണിത്. 2017ല്‍ യൂത്ത് ലോകകപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് താരം അന്താരാഷ്ട്ര മത്സരത്തിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീം ഇനത്തില്‍ ധീരജും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: