കോട്ടയം: സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനധികൃത സ്വര്‍ണ്ണക്കടത്ത് നിരുല്സാഹപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീരുവ കുറയ്ക്കുന്നതോടെ ഒരു കിലോ സ്വര്‍ണം കൊണ്ടുവരുന്നതിന്റെ ചെലവില്‍ ആറ് ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം വരും. ഇത് കള്ളക്കടത്ത് അനാദായകരമാക്കുമെന്നാണ് വിലയിരുത്തല്‍.
ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ സ്വര്‍ണ വ്യാപാര മേഖലയും സ്വാഗതം ചെയ്തു. സ്വര്‍ണാഭരണ നിര്‍മ്മാതാക്കളുടെയും വ്യാപാരികളെയും ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഇതെന്നും ചെറുകിട ഇടത്തരം ആഭരണ നിര്‍മ്മാതാക്കള്‍ക്ക് തീരുമാനം ഗുണം ചെയ്യുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്ച്ചന്സ്് അസോസിയേഷന് അഭിപ്രായപ്പെട്ടു. ഇനി അനധികൃത സ്വര്‍ണ്ണക്കടത്ത് കുറയുമെന്ന് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 6% ആയി കുറയ്ക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എ പി അഹമ്മദ് പറഞ്ഞു. ഇത് ജ്വല്ലറി രംഗത്ത് ബിസിനസ് വളര്‍ച്ചയുണ്ടാക്കും.
ബജറ്റ് പ്രഖ്യാപനം സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്ത് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് ജ്വല്ലറി മാനുഫാക്ചറിംഗ് അസോസിയേഷന് പ്രസിഡണ്ട് രവി ചെറുശേരി പറഞ്ഞു. വര്‍ദ്ധിച്ച വില മൂലം പല പ്രതിസന്ധികള്‍ നേരിടുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ബജറ്റിലെ പ്രഖ്യാപനം പ്രയോജനം ചെയ്യും. വില കുറയുമ്പോള്‍ സ്വാഭാവികമായും കച്ചവടം കൂടും. ഇത് തൊഴിലവസരം കൂട്ടാന്‍ ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: