ഫോര്ട്ട്ഹില് (സ്കോട്ട്ലന്‍ഡ്): ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലോക റിക്കോര്‍ഡ് സ്വന്തമാക്കി സ്കോട്ട്ലന്‍ഡ് ബൗളര്‍. ചാര്‍ളി കാസല്‍ എന്ന പേസ് ബൗളറാണ് അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി റിക്കോര്ഡിനുടമയായത്.
അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ ചാര്‍ലി 5.4 ഓവറുകള്‍ പന്തെറിഞ്ഞ് വഴങ്ങിയത് 21 റണ്‍സ് മാത്രം. ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരെയാണ് സ്കോട്ലന്ഡ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. സ്കോട്ലന്ഡ് താരം പഴങ്കഥയാക്കിയത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു സ്ഥാപിച്ച റെക്കോര്‍ഡാണ്. 2015 ജൂലൈയില്‍ ബംഗ്ലദേശിനെതിരെ ആദ്യ മത്സരം കളിച്ചപ്പോള്‍, റബാദ 16 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കളിയിലെ താരമായ ചാര്‍ലിയുടെ ബൗളിങ് മികവില്‍ സ്കോട്ലന്ഡ് ഒമാനെ 91 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ 17.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ സ്കോട്ലന്ഡ് വിജയത്തിലെത്തി.
56 പന്തില്‍ 34 റണ്‍സെടുത്ത ഓപ്പണര്‍ പ്രതീക് അതാവ്ലെയാണ് ഒമാന്റെ ടോപ് സ്കോറര്‍. 21.4 ഓവറില്‍ ഒമാന്‍ ഓള്‍ഔട്ടാകുകയായിരുന്നു.
സ്കോട്ട്ലന്‍ഡ് നിരയില്‍ പുറത്താകാതെ 37 റണ്‍സെടുത്ത ബ്രണ്ടന്‍ മക്മുള്ളനാണ് ടോപ് സ്കോറര്‍. റിച്ചി ബെറിങ്ടണ്‍ (24 നോട്ടൗട്ട്), ജോര്‍ജ് മുണ്‍സെ (23) എന്നിവരും മികച്ച ബാറ്റിങ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: