തിരുവനന്തപുരം: ജാതിയും മതവും തിരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സമൂഹത്തിനും രാജ്യത്തിനും ആപത്തെന്ന് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്വതന്ത്ര ഭാരതത്തില്‍ ഇപ്പോഴും ജാതിയും മതവും തിരിച്ചുള്ള വിവേചനം രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുടരുന്നുണ്ട്. എല്ലാ ജാതിയും മതവും തുല്യമാണെന്ന് പുതിയ തലമുറയെ ബോധവാന്മാരാക്കണമെന്നും അതിനുേവണ്ടിയാണ് ചട്ടമ്പി സ്വാമിയും ശ്രീനാരായണഗുരുവും ഉള്‍പ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതിപൂജാ വര്‍ഷ പുരസ്കാരം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ളയ്ക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മാതൃത്വം, മാതൃഭൂമി, മാതൃഭാഷ എന്നിവയെ ബഹുമാനിക്കുക തന്നെ വേണം. മാതൃഭാഷ മഹത്തരമാണെന്നും അതിലൂടെ മാത്രമേ പൂര്‍ണമായ ബൗദ്ധിക വിജ്ഞാനം വികസിക്കുകയുള്ളൂ എന്നും പുതുതലമുറയെ ബോധ്യപ്പെടുത്തണം. മാതൃഭാഷ നിര്‍ബന്ധമായും പഠിക്കണം. ഇംഗ്ലീഷ് ഭാഷ പഠിച്ചാല്‍ മാത്രമേ ഉയരങ്ങള്‍ കീഴടക്കാനാകൂ എന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. രാജ്യത്തെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുമെല്ലാം ഗ്രാമങ്ങളിലെ സ്കൂളുകളില്‍ മാതൃഭാഷയില്‍ പഠിച്ചവരാണ്. വിദേശ രാജ്യങ്ങളിലെ തലവന്മാര് നമ്മുടെ രാജ്യത്തോ, നാം അവരുടെ രാജ്യത്തോ ചെല്ലുമ്പോള്‍ അവര്‍ മാതൃഭാഷയില്‍ മാത്രമേ സംസാരിക്കൂ. അതിനു കാരണം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാനാകുന്നത് മാതൃഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ലോകത്തിന് രാജ്യം സമ്മാനിച്ച സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറും അത്ഭുത മനുഷ്യരെന്നും വിസ്മയമെന്നും വിശേഷിപ്പിച്ച ചട്ടമ്പി സ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും പാഠ്യപദ്ധതിയില്‍ വേണ്ടത്ര ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഇനിയെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കണമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞു.
ഹോട്ടല്‍ സൗത്ത്പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി ഭദ്രദീപം തെളിച്ചു. ശ്രീചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ. ജി. രാജ്മോഹന്‍ അധ്യക്ഷനായി. കുമ്മനം രാജശേഖരന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയസ്, അവാര്‍ഡ് നിര്‍ണയ സമിതി അംഗം ജോര്‍ജ് ഓണക്കൂര്‍, സ്മൃതി പൂജാവര്‍ഷ കമ്മിറ്റി ചെയര്മാന് മുക്കംപാലമൂട് രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് റാണി മോഹന്‍ദാസ്, ശ്രീചട്ടമ്പിസ്വാമി സാംസ്കാരിക സമിതി വൈസ്പ്രസിഡന്റ് ഡോ. ശ്രീവത്സന്‍ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രന് തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: