തൃശ്ശൂര്‍: കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്ന പരാതിയുയര്‍ത്തി എന്‍സിപിയിലെത്തി സംസ്ഥാന പ്രസിഡന്റായ പി.സി. ചാക്കോയ്ക്ക് ഇടതുപക്ഷവും മടുക്കുന്നു. മുതിര്‍ന്ന നേതാവായിട്ടും ഇടതുമുന്നണി വ്യക്തിപരമായി പരിഗണിക്കുന്നില്ലെന്ന പരാതിക്കൊപ്പം പാര്‍ട്ടിക്കകത്ത് ഉയരുന്ന സമ്മര്‍ദങ്ങളും ചാക്കോയുടെ മനംമടുപ്പിച്ചെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പിഎസ്സിയിലേക്കുള്ള എന്‍സിപി പ്രതിനിധിയുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോഴ ആരോപണം ബലപ്പെടുന്നതാണ് ചാക്കോയുടെ സമ്മര്‍ദം കൂട്ടുന്നത്. പിഎസ്സി അംഗ നിയമനവുമായി നടന്ന കോഴ സംബന്ധിച്ച ചാക്കോയുടെ ബന്ധുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായത് ചാക്കോയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. ചാക്കോയുടെ ഒപ്പംനിന്ന് ഇപ്പോള്‍ മറുകണ്ടം ചാടിയയാളാണ് ഫോണ്‍ സംഭാഷണം മറുപക്ഷത്ത് എത്തിച്ചത്. കോണ്‍ഗ്രസിലേക്കുള്ള മടക്കം പോലും ചാക്കോ ആലോചിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മന്ത്രിയെ മാറ്റുന്ന കാര്യവും ആലോചനയിലുള്ളതായാണ് വിവരം.
കേരളത്തില്‍ മന്ത്രിയും ദീര്‍ഘകാലം ലോക്സഭ അംഗവുമായിരുന്ന ചാക്കോ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയിലെത്തിയത്. കോണ്ഗ്രസിലുള്ളപ്പോഴും ശരദ് പവാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാക്കോക്ക് സംസ്ഥാന പ്രസിഡന്റ് പദവിയും ലഭിച്ചു. എന്‍സിപിക്ക് കിട്ടിയ മന്ത്രി പദവി എ.കെ. ശശീന്ദ്രനാണ് പാര്‍ട്ടി നല്‍കിയത്. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വേണമെന്ന് തുടക്കം മുതല്‍ ആവശ്യമുന്നയിച്ചിരുന്ന കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ ആവശ്യത്തോട് ചാക്കോയും എന്‍സിപി നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ഉള്‍പ്പെട്ട പിഎസ്സി കോഴ വിവാദം ശക്തിയാര്‍ജിച്ചതോടെ ഈ മാറ്റത്തിന് ചാക്കോ തയാറാവുമെന്ന ശക്തമായ വികാരമാണ് പാര്‍ട്ടിക്കകത്തുള്ളവര്‍ പങ്കുവെക്കുന്നത്. ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുന്‍ മാധ്യമ പ്രവര്‍ത്തകനായ നേതാവ് അതിവേഗമാണ് ചാക്കോയുടെ വിശ്വസ്തനായി മാറിയത്.
ഇദ്ദേഹം പാര്‍ട്ടി പദവികളിലും മന്ത്രിയുടെ സ്റ്റാഫിലും എത്തി. ഇദ്ദേഹമാണ് പിഎസ്സി കോഴവിവാദത്തിലും ഉള്‍പ്പെട്ടത്. പിന്നാലെ അദ്ദേഹത്തെ പദവികളില്‍ നിന്ന് നീക്കി. ഇതിന് പിന്നാലെ കോഴയിഴപാടിലെ തെളിവുകള്‍ തോമസ് കെ. തോമസിന് കൈമാറിയെന്നാണ് വിവരം. ഇതുവെച്ചുള്ള വിലപേശലാണ് എക്കാലവും ശശീന്ദ്രനെ പിന്തുണച്ചിരുന്ന ചാക്കോയെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.
ശശീന്ദ്രന് പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ തോമസ് കെ. തോമസ് വന്നാല്‍ ഭരണത്തിലെ നിയന്ത്രണം നഷ്ടമാകുമോ എന്ന ഭയവും ചാക്കോക്കുണ്ട്. മന്ത്രി മാറ്റത്തെ ശശീന്ദ്രന് വിഭാഗം പല്ലും നഖവും ഉപയോഗിച്ച് എതിര്ക്കാനൊരുങ്ങുമ്പോഴും ആ പക്ഷത്തെ പ്രമുഖനടക്കം ചാക്കോയുമായി പുലര്‍ത്തുന്ന അടുപ്പം ഈ നീക്കത്തെ വിജയിപ്പിക്കുമോ എന്ന ശങ്കയുമുണ്ട്. പിഎസ്സി കോഴവിവാദത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യണമെന്ന ആവശ്യമുയര്‍ത്തി എന്‍സിപി അജിത് പവാര്‍ പക്ഷം 27ന് പിഎസ്സി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തിന്റെ നേതാവ് മുഹമ്മദ് കുട്ടി തോമസ് കെ. തോമസിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന നേതൃയോഗം ഇടതുസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ചാക്കോയുടെ അനുമതിയോടെ അവതരിപ്പിച്ച പ്രമേയത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കടുത്ത അതൃപ്
തിയിലാണ്. പാര്‍ട്ടികളുടെ അവകാശവാദങ്ങള്‍ക്കപ്പുറം ഇടതുമുന്നണിയിലും സര്‍ക്കാരിലും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: