തിരുവനന്തപുരം: ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവല്‍ കേരള (ഐഎഫ് എഫ് കെ) യില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്. ഏത് നിഗൂഢശക്തിയാണ് പാര്‍വ്വതി തിരുവോത്തും ഉര്‍വ്വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്കിനെ ഐഎഫ്എഫ്കെയില് നിന്നും ഒഴിവാക്കാന്‍ ചരവടുവലിച്ചതെന്നത് അഞ്ജാതമായി തുടരുന്നു.
ഗോവ ഫിലിം ഫെസ്റ്റിവല്‍, കേരളത്തിലെ ഐഎഫ്എഫ്കെ എന്നീ ചലച്ചിത്രമേളകളില്‍ നിന്നും ഉള്ളൊഴുക്ക് എന്ന സിനിമയെ തഴഞ്ഞത് തെറ്റായെന്നും അടൂര്‍ പറഞ്ഞു.
എന്തായാലും ഈ ചിത്രം അടുത്ത ഐഎഫ്എഫ് കെയില്‍ പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രദര്‍ശിപ്പിക്കണം. മത്സരവിഭാഗത്തില്‍ ഉള്ളൊഴുക്ക് ഉള്‍പ്പെടുത്തുകയും വേണം. അടൂര്‍ ആവശ്യപ്പെട്ടു. ഐഎഫ്എഫ് കെയിലെ മത്സരവിഭാഗം കൂടാതെയുള്ള മലയാളം വിഭാഗത്തിലെ 12 ചിത്രങ്ങളില്‍ ഒന്നായി ഉള്ളൊഴുക്കിനെ തെരഞ്ഞെടുക്കാത്തത് തെറ്റാണെന്നും അടൂര്‍ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഉള്ളൊഴുക്ക്. അതിന്റെ സംവിധായകനെ അഭിന്ദിക്കാന്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും അടൂര്‍ പറഞ്ഞു.
ഏറ്റവുമൊടുവില്‍ അടൂര്‍ ഗോപാലകൃഷ്ണനും കേരളാ സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായത് കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശങ്കര്‍ മോഹന്‍ രാജിവെച്ച സംഭവത്തിലാണ്. ജാതിയധിക്ഷേപം നടത്തി എന്ന ആരോപണം ഉന്നയിച്ചാണ് ശങ്കര്‍ മോഹനെതിരെ 49 ദിവസത്തെ സമരം കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത്. അന്ന് അടൂര്‍ ഗോപാലകൃഷ്ണന് കെ.ആര്.നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്നു. ശങ്കര്‍ മോഹന്‍ എന്ന മികച്ച സിനിമാ വിദഗ്ധന്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ രാജിവെച്ച് ഒഴിഞ്ഞതോടെ പ്രതിഷേധാര്‍ത്ഥം അടൂരും സ്ഥാനമൊഴിഞ്ഞിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അടൂര്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഐഎഫ്എഫ് കെയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
പണ്ട് രണ്‍ജി പണിക്കരുടെ മകന് നിതിന്‍ സംവിധാനം ചെയ്ത സിനിമയില്‍ നടന് മമ്മൂട്ടി പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗിനെതിരെ പാര്‍വ്വതി തിരുവോത്ത് ആഞ്ഞടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ക്ക് കുറെ നാളുകളായി സിനിമയില്‍ അവസരമേ ഇല്ലായിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അന്ന് മലയാളത്തിലെ മുന്‍നിര നായികയായി നില്‍ക്കുമ്പോഴാണ് പാര്‍വ്വതി പിന്നീട് സിനിമകളില്ലാതെ തഴയപ്പെട്ടത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഏതാനും സിനിമകള്‍ അവരെ തേടിയെത്തി. അതിനിടയില്‍ ഇപ്പോള്‍ കിട്ടിയ അഭിനയപ്രാധാന്യമുള്ള ചിത്രമാണ് ‘ഉള്ളൊഴുക്ക്’. അതുപോലെ മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വ്വശിക്കും അഭിനയപ്രാധാന്യമുള്ള നല്ലൊരു റോള്‍ ‘ഉള്ളൊഴുക്കി’ലൂടെ മലയാള സിനിമയില്‍ കിട്ടിയതാണ്. നടിമാര്‍ എന്ന നിലയില്‍ ഏറെ പ്രതിഭകളുള്ള രണ്ട് നടിമാരായ പാര്‍വ്വതി തിരുവോത്തിന്റെയും ഉര്‍വ്വശിയുടെയും ഉയിര്ത്തെഴുന്നേല്പിന്റെ ചിത്രം കൂടിയാണ് ഉള്ളൊഴുക്ക്. അതിനിടയില്‍ കലാമൂല്യമുള്ള ഈ ചിത്രത്തിനെ ഐഎഫ്എഫ് കെ പോലുള്ള ഒരു ചലിച്ചത്രമേളയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് ന്യായീകരിക്കാനാവില്ലെന്നും ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ പലരും അഭിപ്രായപ്പെടുന്നു. ഇതിന് പിന്നില്‍ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ചരടുവലികളുണ്ടോ എന്ന് മാത്രമേ അറിയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: