കോഴിക്കോട്: കര്‍ണാടക അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ടതായി സംശയിക്കുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി മൂലാടിക്കുഴിയില്‍ അര്‍ജ്ജുന്റെ മടങ്ങി വരവിനായി കുടുംബവും നാടും കാത്തിരിപ്പു തുടങ്ങിയിട്ട് അഞ്ചുനാള്‍ പിന്നിട്ടു. വെളളിയാഴ്ച മുതല്‍ തിരച്ചിലിന് ആക്കം കൂടിയെങ്കിലും ഇന്നലെയോടെ കുടുംബത്തിന്റെ പ്രതീക്ഷ ആശങ്കയിലായി. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന നിലപാടിലാണ് അവര്‍. വെള്ളിയാഴ്ച രാത്രിയോ ഇന്നലെയോ പ്രതീക്ഷയ്ക്കു വകയുളള വാര്‍ത്ത ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും കേരളവും.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ വെള്ളിയാഴ്ച രാത്രി തെരച്ചില്‍ നിര്‍ത്തിവയ്ക്കുകയും ശനിയാഴ്ച തിരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാതായതോടെയും പ്രതീക്ഷ, ആശങ്കയായി. രക്ഷാദൗത്യത്തില്‍ നിര്‍ണായകമായിരുന്ന ആദ്യ രണ്ടു ദിവസത്തെ പ്രവര്‍ത്തനത്തിലെ അശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയതായി അമ്മ ഷീല പറഞ്ഞു.
കര്‍ണാടക ദൗത്യസംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല. കേന്ദ്ര സേനയുടെ സേവനം വേണമെന്നു കുടുംബം ആവശ്യപ്പെട്ടു. കരസേനയുടെയും വ്യോമസേനയുടെയും സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചതായി കുടുംബം അറിയിച്ചു. കൂടാതെ രക്ഷാദൗത്യത്തിന് കേരളത്തില്‍ നിന്നുള്ള സന്നദ്ധ സംഘടനകളെത്താന്‍ ഒരുക്കമാണെന്നും അവര്‍ക്ക് അനുമതിയേകണമെന്നും ആവശ്യപ്പെട്ടു.
മകനെക്കുറിച്ചോര്‍ത്ത് പേടിയുണ്ടെന്നും ആശങ്ക കൂടുകയാണെന്നും അമ്മ ഷീലയും അച്ഛന് പ്രേമനും പറഞ്ഞു. തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് രണ്ടു വയസ്സുകാരന് മകന് അയാനെ ചേര്‍ത്തുനിര്‍ത്തുന്ന അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയുടെ കണ്ണുകളില്‍.
കര്‍ണാടക ദൗത്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. ബന്ധുക്കള്‍ അങ്കോളയിലെത്തിയ ഉടനെ അങ്കോള പൊലീസില്‍ മിസിങ് കേസ് നല്‍കിയിരുന്നു. പക്ഷേ അവര്‍ കാര്യമായി പ്രതികരിച്ചില്ല. എല്ലാറ്റിനും തെളിവുണ്ടെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ അര്‍ജ്ജുന്റെ കാര്യം പറഞ്ഞില്ലെന്ന പൊലീസ് നിലപാടിനെ പ്രതിരോധിച്ച് സഹോദരി അഞ്ജു പറഞ്ഞു. ആദ്യദിനങ്ങളില്‍ത്തന്നെ കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ തിരച്ചില്‍ ഫലപ്രദമായിരുന്നില്ല. അതാണ് കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെടുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും എല്ലാ സഹായവും ഉറപ്പുനല്‍കിയതായും അവര്‍ വ്യക്തമാക്കി.
എന്നാല്‍ വൈകിട്ടോടെ യന്ത്ര ഭാഗത്തിന്റെയെന്ന് സംശയിക്കാവുന്ന സിഗ്നല്‍ മണ്ണിടിച്ചിലുണ്ടായതിന്റെ മധ്യഭാഗത്തായി കണ്ടെത്തിയത് ആശങ്ക വീണ്ടും പ്രതീക്ഷയാക്കി. പാറയോ മണ്ണോ അല്ലാത്ത ഒരു വസ്തു കണ്ടെത്തി. നേരത്തേ ജിപിഎസ് നല്കിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴത്തെ സിഗ്നലും ലഭിച്ചത.് ഇതു ലോറിയുടെ ഭാഗങ്ങളാകാമെന്നും കാബിനില്‍ അര്ജുന് സുരക്ഷിതനായിരിക്കാമെന്നുമുള്ള പ്രതീക്ഷയാണ് ഇന്നലെ വൈകിട്ടോടെ കുടുംബത്തിന്. രാവും പകലും ബന്ധുക്കളും നാട്ടുകാരും ഇവരോടൊപ്പം കൂട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: