ശ്രീനഗര്‍: പാക് ഭീകരര്‍ നുഴഞ്ഞുകയറുകയും ജമ്മുമേഖലയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജമ്മുവില്‍ വീണ്ടും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ദോദ അടക്കമുള്ള ഭാഗങ്ങളിലാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനിലെ സൈനികരെ നിയോഗിച്ചിരിക്കുന്നത്.
വനമേഖലകളില്‍ തെരച്ചില്‍ നടത്തി ഭീകരരെ വകവരുത്തുകയാണ് ലക്ഷ്യം. മുന്‍പ് ഇവിടെ ഇതേ സൈനിക വിഭാഗത്തെ നിയോഗിച്ചിരുന്നതാണ്. സാഹചര്യം മെച്ചപ്പെട്ടതോടെ ഇവരെ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് ജമ്മുവില്‍, പ്രത്യേകിച്ച് ദോദ ഡിവിഷനില്‍ വലിയ തോതില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറുകയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് ഇവരെ പുനര്‍വിന്യസിച്ചത്.
ചാന്ദി മന്ദിറിലാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനെ നിയന്ത്രിക്കുന്ന വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനം. ചെനാബ് നദിക്കരയിലും കാത്വയിലുമാണ് സൈന്യം താവളമടിച്ചിട്ടുള്ളത്. ഈ 130 കിമി അതിര്‍ത്തി മലകളും നദീതടങ്ങളും നിറഞ്ഞതാണ്, വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്.
ജമ്മുകശ്മീരും പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി കാക്കുന്നതില്‍ നിര്‍ണായക പങ്കാണ് 26 ഇന്‍ഫന്‍ട്രി ഡിവിഷനുള്ളത്. പാലംപൂരിലെ 9 ാം കോറിന്റെ കീഴിലാണ് ഈഡിവിഷന്. അന്തരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫും ഉണ്ട്. അതിനു പുറമെയാണ് കരസേനയും. നുഴഞ്ഞുകയറ്റം തടയുകയാണ് രണ്ടു സേനകളുടെയും ലക്ഷ്യം. വനമേഖലയിലെ ഗുഹകളില്‍ താവളമടിച്ച് ഭീകരാക്രമണം നടത്തുന്നത് സൈന്യത്തിന് വലിയ തലവേദനയായിട്ടുണ്ട്. തെരച്ചിലും ഭീകരരെ ഉന്മൂലനം ചെയ്യുന്നതും ഇതോടെ ഏറെ കഠിനമായി. കൂടുതല്‍ വനേമഖലകളില് തെരച്ചില്‍ നടത്തുകയാണ് ഇതിനുള്ള പരിഹാരം. അതിനാണ് സൈന്യത്തെ വീണ്ടും ഇവിടെ വിന്യസിച്ചിരിക്കുന്നത്. ജമ്മുവില്‍ നദകളും അരുവികളും നിരവധിയാണ്. മഴ പെയ്താല്‍ ഇവ നിറയും പ്രളയമാകും. ഈ അവസരമാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ക്വതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: