മലപ്പുറം: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14 കാരന് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിൾ ഫലം പോസിറ്റീവായി. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ച ഫലം പുറത്തു വന്നപ്പോഴും പോസിറ്റീവായിരുന്നു. പുനെയിലെ ഫലം വന്നതോടെയാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് ചികിത്സയിലുള്ളത്. പാണ്ടിക്കാടാണ് വൈറസിന്റെ പ്രഭവ കന്ദ്രം. പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തും. മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സമ്പർക്ക പട്ടിക ശാസ്ത്രീയമായി തയ്യാറാക്കും. കുട്ടിയുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഭയം വേണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾക്ക് പനി ബാധിച്ചിട്ടുണ്ട്. അയാൾ നിരീക്ഷണത്തിലാണ്. വൈറൽ പനിയാണെങ്കിലും സ്രവം ശേഖരിച്ചതായി മന്ത്രി പറഞ്ഞു.
നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ഇക്കഴിഞ്ഞ 15 നാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മലപ്പുറത്ത് 3 ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നു. എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നതിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. കുട്ടിക്ക് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷിക്കുകയാണ്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010, 0483-2732050, 0483-2732060, 0483-2732090 ആണ് കൺട്രോൾ റൂം നമ്പർ.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുന്‍കരുതലുകള്‍ – അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്‌ക്കിടയ്‌ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: