ഷിരൂര്‍: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫിനെ കര്‍ണാടക പൊലീസ് മര്‍ദിച്ചുവെന്ന് പരാതി. കേരളത്തില്‍ നിന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു.
അര്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വളരെ മന്ദഗതിയിലാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. പുലര്‍ച്ചെ ആറ് മണിക്ക് തിരച്ചില്‍ തുടങ്ങിയെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാദം ശരിയല്ല.പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകിട്ട് ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ പറഞ്ഞു. കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കി പ്രൊഫെഷണലായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.
അതേസമയം സൈന്യത്തെ തെരച്ചിലിന് നിയോഗിക്കണമെന്നാണ് അര്‍ജുന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്ക് ഇ മെയില്‍ ചെയ്തിട്ടുണ്ട്. അര്ജുന് അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയില്‍ ഇടവിട്ട് മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: