പാരീസ് ഒളിംപിക്സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓരോ ഭാരതീയനും ഒരു ഉറച്ച പൊന്‍നേട്ടത്തോടെ ഉറ്റുനോക്കുന്ന മുഖം 26കാരനായ നീരജ് ചോപ്രയുടേതാണ്. മൂന്ന് വര്‍ഷം മുമ്പ് രാഷ്ട്രത്തിനാകെ ആവേശമായി, പ്രചോദനമായി ടോക്കിയോയില്‍ നീരജ് ജാവലിന്‍ എറിഞ്ഞുകൊണ്ട് ചരിത്ര സ്വര്‍ണം നേടിയെടുത്തു. പാരീസ് ഒളിംപിക്സ് തുടങ്ങാനിരിക്കെ പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
2021 ആഗസ്ത് ഏഴിന്റെ ടോക്കിയോ നഗരത്തിലെ സായാഹ്നത്തിലാണ് നീരജ് ചോപ്ര എന്ന 23കാരന് ഒളിംപിക്സ് സ്വര്‍ണം നേടിയത്. താരത്തിന്റെ ആദ്യ ഒളിംപിക്സ് ആയിരുന്നു അത്. ഇത്തവണ രണ്ടാം ഒളിംപിക്സിനിറങ്ങുമ്പോള് ഒത്തിരി വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു. ടോക്കിയോയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത നീരജ് ആയിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. വലിയൊരു താരമായി വളര്‍ന്നു പന്തലിച്ചുകഴിഞ്ഞു. ജാവലിന്‍ ത്രോയിലെ മുന്‍നിര താരങ്ങളെ പലരെയും കവച്ചുവച്ച താരമായി സ്ഥിരത പുലര്‍ത്തി പോന്നിരിക്കുന്നു.
ഇതിനിടെയാണ് ഒരുമാസം മുമ്പ് കാലിലേറ്റ പരിക്കിന്റെ കാര്യം വെളിപ്പെടുന്നത്. തുടര്‍ന്ന് ഡയമണ്ട് ലീഗിലെ പല മത്സരങ്ങളും ഒഴിവാക്കി, ഒളിംപിക്സിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെഡല്‍ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചിരിക്കുകയാണ് നീരജ്. സമ്മര്‍ദ്ദത്തെ കുറിച്ച് ചോദിക്കാതെയുള്ള ചോദ്യത്തിന് നീരജ് നല്കുന്ന മറുപടി ഇങ്ങനെയാണ്. നിലവിലെ സ്വര്‍ണജേതാവാണ്, ലോകോത്തര താരമാണ് എന്ന ചിന്തയോടുകൂടി സമീപിക്കുമ്പോളാണ് പ്രശ്നം. ആദ്യമായി മത്സരിക്കാനിറങ്ങുന്ന തരത്തില്‍ മാത്രം സമീപിക്കുക. അപ്പോള്‍ അന്നത്തെ പ്രകടനം മാത്രമേ മുന്നിലുണ്ടാകാന്‍ പാടുള്ളു. മറ്റ് കാര്യങ്ങളെ ഓര്‍ത്തിരുന്നാല്‍ ഒരുപക്ഷേ ഒന്നും ചെയ്യാനാകില്ല. പരിക്കിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിജീവിച്ചുകൊണ്ട് മത്സരത്തെ നേരിടുന്നതിലാണ് കാര്യം. ഉള്ക്കരുത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവരവരുടെ മനസ്സാന്നിധ്യം കൊണ്ട് വെല്ലുവിളികളെ മറികടക്കാനാകുമെന്ന് നീരജ് ഉറച്ചുവിശ്വസിക്കുന്നു.
ഒളിംപിക്സ് സ്വര്‍ണത്തിന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ കരിയര്‍ വിലയിരുത്തുമ്പോള്‍ താരത്തിനെതിരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നൊരു പോരായ്മ 90 മീറ്റര്‍ മറികടക്കാനായില്ലെന്നതാണ്. ഒളംപിക്സിന് ശേഷം ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഡയമണ്ട് ലീഗിലും താരം ഒന്നാം സ്ഥാനം കുറിച്ചു. അപ്പോഴൊന്നും 90 മീറ്ററിനപ്പുറം എറിയാതെ തന്നെ സ്വര്‍ണം നേടുകയാണുണ്ടായത്. 2022ല്‍ കുറിച്ച 89.94 മീറ്റര്‍ ആണ് താരത്തിന്റെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ് പ്രകടനം. ചില സന്ദര്‍ഭങ്ങളില്‍ സ്വയം തന്നോട് തന്നെ മത്സരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ഇതേ കുറിച്ച് നീരജ് പറയുന്നത്. ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ അത്തരമൊരു മത്സരമായിരുന്നു അരങ്ങേറിയത്.
ഭാരതത്തിന്റെ ജെന കിഷോര്‍ മൂന്നാം ശ്രമത്തില്‍ നീരജിനെ മറികടന്ന് മുന്നിലെത്തി. പക്ഷെ അവസാന ശ്രമത്തില്‍ നീരജ് തന്റെ ഏറ് ജെനയെയും മറികടന്ന് സ്വര്‍ണത്തിലേക്കെത്തിച്ചു. ആ സന്ദര്‍ഭത്തില്‍ സ്വയം തന്നോട് തന്നെ മത്സരിക്കണമെന്ന ബോധ്യത്തോടെയാണ് മത്സരിച്ചതെന്ന് നീരജ് ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: