ചെട്ടികുളങ്ങര: ചെട്ടികുളങ്ങര അമ്മയുടെ തൃപ്പാദങ്ങളില്‍ പൂജ ചെയ്യാന്‍ അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്ക്കാരമായി കരുതുന്നതായി നിയുക്ത പുറപ്പെടാമേല്ശാന്തി വി. കെ.ഗോവിന്ദന് നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു.
2015ലും, 16ലും ചെട്ടികുളങ്ങര മേല്‍ശാന്തി ചുരുക്കപ്പട്ടികയില്‍ പേരുവന്നിരുന്നുവെങ്കിലും കിട്ടിയില്ല. ഇത്തവണ ശ്രീകോവിലില്‍ പൂജിച്ച വെള്ളികുടത്തില്‍ നിന്ന് പുറപ്പെടാ മേല്‍ശാന്തിയായി ആദ്യപേരുതന്നെ വീണത് മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും ചെട്ടികുളങ്ങരയമ്മയുടേയും കൃപാകടാക്ഷമാണ്.
കൂടാതെ രണ്ടുവര്‍ഷമായി താന്പൂജയും നിവേദ്യവും അര്‍പ്പിക്കുന്ന മലയന്‍കീഴ് ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹവും ഉണ്ടായിരുന്നു. വളരെനാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ശാന്തിയായി ജോലിയില്‍ പ്രവേശിച്ചത് തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലായിരുന്നു. 2014- 15 കാലഘട്ടത്തില്‍ ശബരിമല കീഴ്ശാന്തിയായും, 2018- 19 കാലഘട്ടത്തില്‍ പമ്പ-മേല്‍ശാന്തിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി മലയന്‍കീഴ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലിനോക്കുന്നു. തിരുവല്ല വാഴയില്‍ മഠത്തില്‍ പരേതരായ കൃഷ്ണന് നമ്പൂതിരിയുടെയും കെ.എന്‍.കുമാരിയുടെയും മകനാണ് വി.കെ.ഗോവിന്ദന് നമ്പൂതിരി.
ഭാര്യ: അഞ്ജലി ഈശ്വരന്.മക്കള്‍: വിഭു ജി. നമ്പൂതിരി, വിഭ ജി. നമ്പൂതിരി. ഇന്ന് ഉച്ചപൂജയ്ക്കുശേഷം ചെട്ടികുളങ്ങരയില്‍ കുടുംബസമേതം എത്തി ദര്‍ശനം നടത്തും. തുടര്‍ന്ന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരിയെകണ്ട് അനുഗ്രഹം വാങ്ങിക്കും. ഇതിനുശേഷം തന്റെ പേര് നറുക്കെടുത്ത ചെട്ടികുളങ്ങര മേനാംമ്പള്ളില് ഉഷ ഭവനത്തില്‍ ശ്യാം കൃഷ്ണന് രേഷ്മ ദമ്പതികളുടെ മകള്‍ അഞ്ചു വയസ്സുകാരി മിത്ര ആര് കൃഷ്ണയെ കാണും. തുടര്‍ന്ന് തിരുവല്ലയില്‍ കുടുംബപരദേവതാക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുമെന്നും ഗോവിന്ദന്‍നമ്പൂതിരി പറഞ്ഞു. ചിങ്ങം ഒന്നിന് പുറപ്പെടാമേല് ശാന്തിയായി തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരി അവരോധിക്കും. 12ദിവസം ചെട്ടികുളങ്ങരയില്‍ ഭജനം ഇരുന്ന ശേഷം സെപ്തംബര്‍ ഒന്നുമുതല്‍ മേല്‍ശാന്തിയായി നിത്യപൂജകള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: