തിരുവനന്തപുരം: മാലിന്യവാഹിനിയായ ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിൽ തീരുമാനം. ശുചീകരണത്തിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതി രൂപീകരിക്കും. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാഗം റെയിൽവേയും, ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം വകുപ്പും, നഗരസഭയ്ക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്.
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കമ്പിവേലി സ്ഥാപിക്കും. രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്. തിരുവനന്തപുരം നഗരമധ്യത്തിലൂടെ ഒഴുകുന്ന ഓമയിഴഞ്ചാന്‍ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. ഇതില്‍ 117 മീറ്ററിലാണ് റെയില്‍വേ ഭൂമിയിലൂടെ കടന്നു പോകുന്നത്. റെയ്ൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ജോയി എന്ന തൊഴിലാളിയെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാണാതാവുന്നത്. ഇതിനു പിന്നാലെയാണ് യോഗം വിളിച്ചത്.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. പോലീസിന്റെയും കോർപ്പറേഷന്റെയും നിരീക്ഷണ സംവിധാനം കർശനമാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനം.
റെയിൽവേ ഭൂമിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു. ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവെയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേലധികാരികളുമായി സംസാരിച്ച ശേഷം മറുപടി നൽകാമെന്ന് ഡിആർഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: