ഇരിങ്ങാലക്കുട: കര്‍ക്കിടക പുലരിയില്‍ നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയോദ്ധ്യയിലെ രാംലല്ലയുടെ വേഷത്തില്‍ എത്തിയ പ്രണയ പ്രശാന്ത് ഭക്തരുടെ മനം കവര്‍ന്നു. തൃശൂര്‍ വടൂക്കര സ്വദേശികളായ പ്രശാന്ത് പ്രിയ ദമ്പതികളുടെ മകള്‍ പ്രണയ പ്രശാന്താണ് ഇന്നലെ രാംലല്ലയുടെ വേഷത്തില്‍ അണിഞ്ഞൊരങ്ങി ദര്‍ശനത്തിന് എത്തിയത്.
മൂന്ന് വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന പ്രണയുടെ വലിയ ആഗ്രഹമായിരുന്നു അയോദ്ധ്യയിലെ രാംലല്ലയില്‍ പോയി ദര്‍ശനം നടത്തി അവിടെ നൃത്തം ചെയ്യണമെന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും, പിന്നീട് അത് സാധിപ്പിച്ച് തരാമെന്നും പകരം ഇപ്പോള്‍ ശ്രീരാമന്റെയും സഹോദരങ്ങളുടെയും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താം എന്ന് അച്ഛന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ രാംലല്ലയുടെ വേഷത്തിലാകാം സന്ദര്‍ശനം എന്ന് പ്രണയ തീരുമാനിക്കുകയായിരുന്നു.
പ്രണയ നൃത്തം അഭ്യസിക്കുന്ന നൃത്താഞ്ജലി കലാക്ഷേത്രത്തിലെ അഖിലയാണ് പ്രണയയെ രാലല്ലയുടെ വേഷത്തില്‍ അണിയിച്ചൊരുക്കിയത്. വടൂക്കര ഗുരുവിജയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രണയ ഉപജില്ലാ കലോത്സവത്തില്‍ അടക്കം നിരവധി വേദികളില്‍ ഈ ചെറുപ്രായത്തില്‍ തന്നെ നൃത്തം ചെയ്ത് വിജയം കൈവരിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തിനായി എത്തിയവര്‍ എല്ലാം രാംലല്ല വേഷത്തില്‍ ഉള്ള പ്രണയ്ക്കൊപ്പം ഫോട്ടോകളും പകര്‍ത്താന്‍ തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: