തൃശൂര്‍: ഇനിയുള്ള 31 ദിനങ്ങള്‍ ശ്രീരാമ സ്തുതികളാല്‍ നാടും നഗരവും മുഖരിതമാകും. ത്രേതായുഗത്തിലെ കൗസല്യതനയന്റെ അവതാര ലീലകള്‍ പാടാന്‍ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും ആത്മീയ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം കൂടാതെ വിവിധ അര്‍ച്ചനകള്‍, സത്സംഗങ്ങള്‍, തീര്‍ത്ഥയാത്രകള്‍, നാലമ്പല ദര്‍ശനം തുടങ്ങിയവയും ക്ഷേത്രങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ദേവസ്വം മതഗ്രന്ഥശാല, ചുമര്‍ചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തില്‍ രാമായണമാസം ആഘോഷിക്കുന്നു. ഇന്ന് രാവിലെ പത്തു മണിക്ക് ദേവസ്വം പുസ്തകശാലയില്‍ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്മാന് ഡോ: വി.കെ. വിജയന് നിര്‍വ്വഹിക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം ദേശീയ സെമിനാര്‍, ചുമര്‍ചിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ഇന്ന് രാവിലെ ശ്രീഗുരുവായൂരപ്പന് ആഡിറ്റോറിയത്തില്‍ അദ്ധ്യാത്മരാമായണ പാരായണവും ഉണ്ടാകും. ഡോ: വി. അച്യുതന് കുട്ടി പാരായണം നിര്‍വ്വഹിക്കും. ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് നാളെ സന്ധ്യയ്ക്ക് ശേഷം 7 മണി മുതല്‍ മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. മുന്‍ മന്ത്രിയും ഗ്രന്ഥകാരനുമായ മുല്ലക്കര രത്നാകരന് ആദ്യ ദിനത്തിലെ പ്രഭാഷണം നിര്‍വ്വഹിക്കും.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരിക്കും. ഇന്ന് മുതല്‍ 7 കൂടിയ ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ രാവിലെ 8ന് ഔഷധ കഞ്ഞി വിതരണം ഉണ്ടായിരിക്കും. മേട മാസത്തിലെ കാര്‍ത്തിക നാളില്‍ ചാന്താട്ടത്തിനായി അഴിച്ചുമാറ്റിയ തിരുവാഭരണങ്ങള്‍ എല്ലാം ചാര്‍ത്തി സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് കര്‍ക്കിടകം ഒന്നിന് കൊടുങ്ങല്ലൂരമ്മ ദര്‍ശനം നല്‍കുന്നത്.
ചേറ്റുപുഴ അഭേദാനന്ദാശ്രമം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഗണപതിഹോമം, രാമായണ പാരായണം തുടങ്ങിയവ നടക്കും. അന്തിക്കാട് കാരമുക്ക് പൂതൃക്കോവ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ദിവസേന രാവിലെ ഗണപതിഹോമം, രാമായണ പാരായണം വൈകിട്ട് ചുറ്റുവിളക്ക്, നിറമാല, ഭഗവത് സേവ എന്നിവ നടക്കും. ചിറ്റിലപ്പിള്ളി പുലിയം തൃക്കോവില്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഏഴ് ദിവസങ്ങളില്‍ പ്രമുഖ വ്യക്തികളുടെ രാമായണം പ്രഭാഷണം, ഔഷധക്കഞ്ഞി വിതരണം, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. രാമായണമാസാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് ക്ഷേത്രം ഹാളില്‍ വച്ച് ട്രൈബ്യൂണല്‍ ഇന്‍ഡസ്ട്രി ജഡ്ജ് ആര്. ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്യും. കീഴ്മുണ്ടയൂര്‍ നാരായണന് നമ്പൂതിരി അധ്യക്ഷത വഹിക്കും.
പേരാമംഗലം മുള്ളൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ കര്‍ക്കിടക മാസത്തോടനുബന്ധിച്ചുള്ള കളമെഴുത്തു പട്ടിന് ഇന്ന് തുടക്കം കുറിക്കും. കര്‍ക്കിടക മാസം മുഴുവന്‍ നീണ്ടു നില്ക്കുന്ന കളമെഴുത്തു പാട്ടിന് ഇന്നലെ കൂറയിട്ടു. ഇന്ന് മുതല്‍ രാവിലെ അരി അളക്കല്‍, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, തായമ്പക, കോമരത്തോടുകൂടി ദേവിയെ പു
റത്തേക്ക് എഴുന്നള്ളിക്കല്‍, മേളം, തുടര്‍ന്ന് കളം പാട്ട് എന്നിവ നടക്കും. കളമെഴുത്തു പാട്ടിന് കല്ലാറ്റ് കുറുപ്പന്മാര് നേതൃത്വം നല്‍കും.
വെള്ളാംങ്ങല്ലൂര്‍ കോണത്തുകുന്ന് മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഗണപതി ഹോമം വൈകിട്ട് ഭഗവത്സേവ, 22ന് വൈകിട്ട് ഉമാമഹേശ്വര പൂജ, 26ന് രാവിലെ മഹാഗണപതി ഹോമം, 27ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം എന്നിവ ഉണ്ടാകും. എല്ലാ ദിവസവും രാമായണ പാരായണവും ഉണ്ടാകും. വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്തിലെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: