അറിവു തന്നെ അനുഭൂതി
‘നുകരാം രാമരസം! നുരയും ബ്രഹ്മരസം’
-ആചാര്യകവിയുടെ അദ്ധ്യാത്മ സംഗീതികയില്‍ സാരസ്വത സന്ദേശമുണരുകയാണ്.
”സകല ശുകകുല വിമല തിലകിത കളേബരേ!
സാരസ്യ പീയൂഷ സാരസര്‍വ്വസ്വമേ
കഥയമമ കഥയമമ കഥകളതി സാദരം
കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ…”
എന്ന അര്‍ത്ഥനയില്‍ കിളിപ്പാട്ടായി നേദിക്കുന്ന രാമായണ കഥ കര്‍ക്കടകത്തിലെ രാമരസായനമാണ്. ഭൗതികവും ആത്മീയവുമായ ഉള്ളറിവുകളില്‍ അകം നിറയുന്ന സഹൃദയന് നേടുക സ്നേഹമന്ദാരവും മാനവികതാ പ്രമാണവുമാണ്. സാധാരണ മനുഷ്യനെ പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ മനുഷ്യനെ ദേവനുമാക്കുന്ന അദൈ്വതാമൃതവും പ്രായോഗിക വേദാന്തവുമാണ് രാമായണ പാഠം.
അറിവിന്റെ സരസ്വതീ തീര്‍ത്ഥമാണ് അദ്ധ്യാത്മ രാമായണം. എവിടെ മനുഷ്യന് ദുഃഖിക്കുന്നുവോ അവിടെ സാന്ത്വന സംഗീതമായി രാമായണ വരികള്‍ ആകാശം തേടുന്നു. മനുഷ്യനെ തേടി മനുഷ്യനിലൂടെ അനുയാത്ര ചെയ്ത് മാനവികതയെ സാക്ഷാത്കരിക്കുമ്പോഴാണ് ‘മാ നിഷാദ’പാടി ആദികാവ്യം പിറക്കുക. ഭാരതീയ സംസ്കൃതിയുടെ വിഗ്രഹശക്തിക്കു മുന്നില്‍ ഉഴിഞ്ഞ സ്നേഹത്തിന്റെ കര്‍പ്പൂരത്തിരിയില്‍ നിന്നാണ് എഴുത്തച്ഛന് ഭുക്തിമുക്തിയുടെ ആത്മീയജ്വാല കൊളുത്തിയെടുക്കുന്നത്. സപ്തവ്യസനങ്ങള്‍ക്കും നേരെ തൊടുത്തുവിട്ട രാമബാണമാണ് ഈ ഗുരുഗ്രന്ഥം ആഷാഢത്തില്‍ വായിക്കാനിരുന്ന് ഒടുക്കം ശ്രാവണം വിരിയിക്കുന്ന വിസ്മയേതിഹാസമാണിത്. ദൈവത്തിന്റെ ആസ്ഥാനം ഹൃദയമാണെന്നാണ് ഭാരതീയ ആത്മീയ ദര്‍ശനം. ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന് ഉദ്ഘോഷിക്കുന്ന ഉപനിഷദ് വാക്യം സര്‍വ്വവ്യാപിയായ ഈശ്വര ചൈതന്യത്തിന്റെ സത്യസാരം വെളിവാക്കുന്നു. എവിടയും ദൈവാന്വേഷണ നിലയമാണ്. ബാഹ്യലോകത്തിന്റെ വിശാലതയിലും അന്തരാത്മാവിന്റെ അണുവിടങ്ങളിലും ആത്മാന്വേഷകന് യാത്ര ചെയ്യാം. രാമായണ വരിയോരോന്നും രാമപദത്തിലേക്കുള്ള തീര്ത്ഥയാത്രണ്. അന്തരാത്മാവിനെ വിശുദ്ധിതലമായി പുനഃസൃഷ്ടിക്കുമ്പോള്‍ അന്വേഷകന് പിന്നെ മറ്റെവിടെയും അലഞ്ഞ് തിരിയേണ്ടതില്ല. സാക്ഷാത്ക്കാര ബിന്ദുവായി ആ അമൃതസ്ഥാനത്തെ പൂജിച്ചാല്‍ മതി. ഈശ്വര ‘സര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുന തിഷ്ഠതി’ എന്നാണ് ഗീതാമതം. ദൈവം ഹൃദയസ്ഥനാണെന്ന് ചുരുക്കം. ‘ദ്രക്ഷ്യസി നിജഹൃദയം ദേവം’ എന്ന് ഭജഗോവിന്ദകാരനായ ശങ്കരാചാര്യര്‍ അരുളുന്നു.
‘സര്‍വ്വലോകങ്ങളും നിങ്കല് വസിക്കുന്നു
സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു’
എന്ന് ആമുഖം ചൊല്ലി വാല്മീകി രാമനോട് പറയുന്നത് കേള്‍ക്കുക:
‘നിത്യ ധര്മ്മാധര്മ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭാവേന ഭജിക്കുന്നവരുടെ
ചിത്ത സരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം’
ഇവിടെയും രാമപീഠം ഭക്തഹൃദയം തന്നെ. ‘മഹാഭാരത’ത്തിലെ പാര്‍ത്ഥസാരഥി വര്‍ണ്ണനയില്‍ ‘എന്‍ ഹൃദയം തന്നിലിരിക്കുമ്പോലെയാ മണിവര്ണ്ണന് തന്നെ തെളിഞ്ഞു കണ്ടു ഞാന്‍’ എന്നാണ് എഴുത്തച്ഛന് രേഖപ്പെടുത്തുക. ‘ഹരിനാമകീര്‍ത്തന’ത്തിലും ‘കത്തുന്ന പൊന്മണി വിളക്കെന്നപോലെ ഹൃദി നില്ക്കുന്ന നാഥനെയാണ് നമിക്കുന്നത്.
സ്വന്തം ഹൃദയ പദ്മത്തില്‍ ദൈവത്തെ പ്രത്യക്ഷമാക്കാനുള്ള ഉപാസനാ മന്ത്രമായി രാമനാമത്തെ സ്വീകരിക്കുകയാണ് ആചാര്യന്. ‘ചിത്താംബുജത്തെ ആനന്ദ നികേതനമാക്കുക’യെന്ന കര്‍മ്മമാണ് രാമായണം നിര്‍വഹിക്കുന്നത്. രാമനില്‍നിന്ന് അഭിരാമനിലേക്കും, അഭിരാമനില്നിന്ന് ആത്മാരാമനിലേക്കും, ആത്മാരാമനില്നിന്ന് വിരാട് പുരുഷന്റെ മഹാപ്രത്യക്ഷങ്ങളിലേക്കും ബ്രഹ്മസ്വരൂപത്തിലേക്കും രാമായണ തീര്‍ത്ഥയാത്ര എത്തിനില്‍ക്കും എന്ന വിഭാവനത്തിലാണ് എഴുത്തച്ഛന്റെ പ്രയാണം. കേവലം പാരായണത്തിലൂടെയല്ല മുക്തി സാഫല്യം. പാരായണത്തിലവതീര്ണ്ണമായ തത്ത്വസംഹിതകളുടെ പഠന മനനങ്ങളിലൂടെയും നിദിദ്ധ്യാസനത്തിലൂടെയുമാണ് പരമലക്ഷ്യം നേടിയെടുക്കേണ്ടത്. ജ്ഞാനമാര്ഗ്ഗത്തിലൂടെയാണ് മോചനപഥം കാട്ടിത്തരുന്നത്.
ആദ്ധ്യാത്മികതയുടെ വിവിധ മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം ശക്തിചൈതന്യം പകരുക ഭക്തിയാണ്. അദ്ധ്യാത്മ രാമായണം ഷഡ്വൈരികള്‍ക്ക് വിളയാട്ട ഭൂമിയായ മനുഷ്യന്റെ അന്തരംഗത്തെ ഭക്തി സംവര്‍ദ്ധക മാര്‍ഗ്ഗത്തിലൂടെ ഭക്തിലഹരിയുടെ ഉദാത്തഭാവത്തില്‍ ലയിപ്പിക്കുന്നു. ഭക്തിഭാവത്തിന്റെ പരമരുചിര സാഫല്യം കൈവരിക്കുമ്പോള്‍ ‘സിദ്ധോ ഭവതി, അമൃതോ ഭവതി, തൃപ്തോ ഭവതി’ എന്ന നാരദ ഭക്തി സൂത്രത്തിന്റെ അകപ്പൊരുള്‍ അയാള്‍ അനുഭവിച്ചറിയുകയാണ്. സിദ്ധനും അമൃതനും ആനന്ദ തൃപ്തനുമാണ് രാമായണപാരായണകാരന്. ഇതിനായി അയാളെ പ്രാപ്തനാക്കുന്നത് രാമായണ ജ്ഞാനപ്പാനയാണ്. വിദ്യാമൃതം തന്നെയാണ് രാമായണത്തില്‍ സാരോപദേശങ്ങളായും ചിന്താരത്നങ്ങളായും ഉപദേശപ്പൊരുളായും ഉയര്‍ന്നുവരുന്നത്. ജ്ഞാനാനന്ദം തന്നെ രാമാനന്ദം. രാമാനന്ദം തന്നെ പരമാനന്ദം. പരമാനന്ദമേ ഇഹപരമോക്ഷം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: