ഭോപാല്‍: മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ ബിജെപിയില്‍ ചേര്‍ന്നു. മൂന്ന് മാസം മുമ്പാണ് അദ്ദേഹം ജഡ്ജി പദവിയില്‍ നിന്ന് വിരമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളും ബിജെപിയുടെ നയങ്ങളുമാണ് തന്നെ സ്വാധീനിച്ചതെന്ന് ജസ്റ്റിസ് രോഹിത് ആര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭോപാലിലെ ബിജെപി ഓഫീസില്‍ ശനിയാഴ്ച സംഘടിപ്പിച്ച ഭാരതീയ ന്യായ സംഹിതാ ശില്പശാലയിലെ മുഖ്യ പ്രഭാഷകനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ശിക്ഷാ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള വലിയ പരിഷ്കാരമാണ് ഈ നിയമനിര്‍മാണമെന്ന് അദ്ദേഹം പറഞ്ഞു.
2013 സപ്തംബര്‍ 12നാണ് രോഹിത് ആര്യ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. രാജ്യത്തെ പാര്ശ്വവല്ക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബിജെപിയുടെ നയങ്ങളോടൊപ്പം ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി വേഗത്തിലുറപ്പാക്കാനുദ്ദേശിച്ച് അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായിരിക്കെ ഗ്വാളിയോറില്‍ ‘സമാധന്‍ ആപ്കെ ദ്വാര പ്രോഗ്രാം ആരംഭിച്ച കാര്യം രോഹിത് ആര്യ അനുസ്മരിച്ചു. ഒമ്പത് ജില്ലകളിലാണ് ഇത് ആരംഭിച്ചത്. ജുഡീഷ്യറി, റവന്യൂ, പോലീസ്, വനം, വൈദ്യുതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുവേദിയിലെത്തി നടത്തിയ ആ പരിശ്രമം മൂലം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ച കേസുകളുടെ എണ്ണം 5,000ല്‍ നിന്ന് 1.49 ലക്ഷമായി ഉയര്‍ന്നു.
”ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്. ജഡ്ജി എന്ന നിലയിലുള്ള ചുമതലകള്‍ കഴിവിന്റെ പരമാവധി നിര്‍വഹിച്ചു. ആ ഡ്യൂട്ടി കഴിഞ്ഞു പുതിയ ഇന്നിംഗ്സ് തുടങ്ങുകയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: