മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയിലെ ബജ്ന ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ജലസംഭരണിയും പുണ്യസ്ഥലവുമാണ് ഭീംകുണ്ഡ്.
മഹാഭാരത കാലം മുതല്‍ നിലകൊള്ളുന്ന ഈ ജലസ്രോതസ്സിന് നീലകുണ്ഡ് എന്നും നാരദകുണ്ഡ് എന്നും പേരുണ്ട്. ഇതിന്റെ ആഴം ഇന്നും അജ്ഞാതമാണ്. 80 അടി ആഴമെന്നും 300 അടിയെന്നും പല അഭിപ്രായമുണ്ട്. എന്നാല്‍ ഇിന്റെ ആഴം അനന്തമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും ഇതുവരെ കൃത്യമായി അളക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. വെള്ളത്തില്‍ വിചിത്രജീവികളെയും വസ്തുക്കളെയും കണ്ടതായി ചില മുങ്ങല്‍ വിദഗ്ധര്‍ പറയുന്നു.
ഇവിടുത്തെ വെള്ളം ശുദ്ധവും സ്ഫടികം പോലെ സുതാര്യവുമാണ്. വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങളെ മുകളില്‍ നിന്ന് വ്യക്തമായി കാണാം. ഔഷധഗുണമുള്ള ഈ ജലം പല അസുഖങ്ങള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് വിശ്വാസം. ഏകദേശം മൂന്നു മീറ്റര്‍ ഉള്ളില്‍, ഒരു ഗുഹയിലാണ് കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാടത്തിന്റെ ഇടതുവശത്ത് ചെറിയ ശിവലിംഗമുണ്ട്. ചുവന്ന കല്ലുകളാല്‍ ചുറ്റപ്പെട്ട ഭീംകുണ്ഡിന്റെ നിറമാണ് മറ്റൊരു രഹസ്യം. സമയത്തിനനുസരിച്ച് മാറുന്ന നിറം, സൂര്യപ്രകാശത്തിന്റെ കോണും ആകാശത്തിന്റെ പ്രതിഫലനവും അനുസരിച്ച് നീലയോ, പച്ചയോ ടര്‍ക്കോയ്സ് നിറത്തിലോ കാണപ്പെടാം. ചുട്ടുപൊള്ളുന്ന വെയിലില്‍ തളര്‍ന്നുവീണ ദ്രൗപതിയുടെ ദാഹശമനത്തിനായി ഭീമന് തന്റെ ഗദ നിലത്തടിച്ച് ഉണ്ടാക്കിയതിനാലാണ് ഭീംകുണ്ഡ് എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. കുണ്ഡിനു തൊട്ട് മുകളിലെ ഗുഹയുടെ മേല്‍പ്പരപ്പില്‍, ഭീമന്, ഗദക്ക് അടിച്ചെന്നു കരുതുന്ന സ്ഥലത്ത് ഒരു ദ്വാരം ഇപ്പോഴും കാണാം.
പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിന്റെ വാസസ്ഥലമാണിതെന്നും വിശ്വാസമുണ്ട്. വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്കു മുന്‍സൂചന നല്‍കുന്നുമുണ്ട് ഭീംകുണ്ഡ്. കുളത്തിലെ ജലനിരപ്പ് അസാധാരമായി വ്യത്യാസപ്പെട്ടാല്‍ പ്രകൃതി ദുരന്തം ആസന്നമാണെന്ന് അനുഭവത്തില്‍ നിന്നു പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: