ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമര്‍വാര സീറ്റ് പിടിച്ചടുത്തതിനൊപ്പം ഹിമാചല്‍പ്രദേശിലെ ഹമീര്‍പൂരിലും ബിജെപി വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും നാല് സീറ്റുകളില്‍ വീതം വിജയിച്ചു. ഓരോ സീറ്റ് വീതം ആപ്പും ഡിഎംകെയും സ്വതന്ത്രനും നേടി.
അമര്‍വാരയില്‍ കമലേഷ് പ്രതാപ് ഷായും ഹമീര്‍പൂരില്‍ ആശിഷ് ശര്‍മയുമാണ് ബിജെപിക്കുവേണ്ടി വിജയക്കൊടി പാറിച്ചത്. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന് ശക്തമായ സ്വാധീനമുള്ള ചിന്ദ്വാര ഉള്‍പ്പെട്ട മണ്ഡലമാണ് അമര്‍വാര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍ കമല്‍നാഥിന്റെ മകന് നകുല്‍നാഥ് പരാജയപ്പെട്ടിരുന്നു. ഇവിടുത്തെ സിറ്റിങ് എംഎല്‍എയായിരുന്ന കമലേഷ് പ്രതാപ് ഷാ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. അദ്ദേഹത്തെ തന്നെ ബിജെപി മത്സരത്തിനിറക്കുകയും വിജയിക്കുകയുമായിരുന്നു. ഹമീര്‍പൂരിലെ സ്വതന്ത്ര എംഎല്‍എയായിരുന്ന ആശിഷ് ശര്‍മ കോണ്‍ഗ്രസിന് നല്കിയ പിന്തുണ പിന്‍വലിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു. രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം തന്നെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
ഹിമാചല്‍പ്രദേശിലെ ഡെഹ്റ, നലഗഢ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇതില്‍ ഡെഹ്റ, നലഗഢ് എന്നിവിടങ്ങളില്‍ സ്വതന്ത്ര എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നത്. ഡെഹ്റയില്‍ മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂരാണ് വിജയിച്ചത്. ബദരീനാഥ് കോണ്‍ഗ്രസിന്റെയും മംഗളൂരു ബിഎസ്പിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് ബദരീനാഥില്‍ ഉപതെരഞ്ഞെടുപ്പിന് കാരണമായത്. ഇവിടെ കോണ്‍ഗ്രസിലെ ലഖപത് സിങ് ബുട്ടോല വിജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ഭണ്ഡാരി രണ്ടാമതെത്തി.
പശ്ചിമബംഗാളിലെ മണിക്തല, റായ്ഗഞ്ച്, രണഘട്ട് സൗത്ത്, ബഗ്ദ എന്നിവിടങ്ങളിലാണ് ടിഎംസി വിജയിച്ചത്. ടിഎംസി എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നാണ് മണിക്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എംഎല്‍എ ആയിരുന്ന സാധന് പാണ്ഡെയുടെ ഭാര്യ സുപ്തിയാണ് ഇവിടെ വിജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് സൗത്ത്, ബഗ്ദ എന്നിവിടങ്ങളിലെ ബിജെപി എംഎല്‍എമാര്‍ രാജിവെച്ച് ടിഎംസിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
പഞ്ചാബ് ജലന്ധര്‍ വെസ്റ്റില്‍ ആപ്പും തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ ഡിഎംകെയും ബിഹാറിലെ റുപൗലിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയും വിജയിച്ചു. ജലന്ധര്‍ വെസ്റ്റ് ആപ്പിന്റെയും വിക്രവണ്ടി ഡിഎംകെയുടെയും സിറ്റിങ് സീറ്റായിരുന്നു. സിറ്റിങ് എംഎല്‍എ എന്‍. പുകഴേന്തിയുടെ മരണത്തെ തുടര്‍ന്നാണ് വിക്രവണ്ടിയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ അണ്ണിയൂര്‍ ശിവായാണ് ഇവിടെ വിജയിച്ചത്. ജെഡിയുവിന്റെ സിറ്റിങ് സീറ്റായിരുന്ന റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങ്ങാണ് വിജയിച്ചത്. ജൂലൈ 10 നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: