ആലുവ : ക്രമസമാധാന രംഗത്തും കുറ്റാന്വേഷണ മേഖലയിലും നിർണ്ണായക സംഭവാനകൾ നൽകുന്നതിന് റസിഡൻസ് അസോസിയേഷനുകൾക്ക് കഴിയുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പറഞ്ഞു. റൂറൽ ജില്ലയിലെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളുടെ ജില്ലാതല യോഗം ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ നൽകണം. ഈ വീടുകളിൽ പോലീസിന്റെ ശ്രദ്ധ പ്രത്യേകമായുണ്ടാകും. പോലീസിന്റെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൃത്യമായി ജനങ്ങൾക്ക് അറിയിക്കാം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.
മയക്കുമരുന്നിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൈമാറിയാൽ ഒട്ടും താമസമില്ലാതെ അന്വേഷണമുണ്ടാകും. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും.
സൈബർ മേഖലയിലെ തട്ടിപ്പിനേയും, ചതിക്കുഴിയേയും കുറിച്ച് കൃത്യമായ ബോധവൽക്കരണം സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നൽകും. റസിഡൻസ് അസോസിയേഷനുകൾക്കും ഇതു സംബന്ധിച്ച് അവബോധം നൽകും. കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമെങ്കിൽ അത് നൽകുന്നതിനുള്ള സൗകര്യമൊരുക്കും.
കൂടുതൽ സി.സി.ടി.വി വയക്കുന്നതിന് റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. പല കുറ്റകൃത്യങ്ങളുടെയും നിർണ്ണായക തെളിവുകൾ ലഭിക്കുന്നത് ഈ ക്യാമറക്കണ്ണിലൂടെയാണ്. ആലുവയിൽ മോഷണം നടത്തിയവരെ അജ്മീറിൽ പിടികൂടിയത് അതിനൊരു ഉദാഹരണമാണ്. കുറ്റകൃത്യങ്ങളുടെ ഫോട്ടോ എടുത്തയച്ചാലും നടപടി സ്വീകരിക്കും.
സ്ക്കൂൾ കോളേജ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയിൽ നിന്നും ലഭിക്കുന്ന കംപ്ലെയന്റുകളും പരിശോധിച്ച് നടപടിയെടുക്കുന്നുണ്ട്. അതിഥി ത്തൊഴിലാളികൾ കൃത്യമായി രജിസ്ടേഷൻ നടത്തിയിട്ടുണ്ടോയെന്നും, അവരുടെ രേഖകളെക്കുറിച്ചും പരിശോധ നടത്തും.
റൂറൽ പോലീസിന്റെ സോഷ്യൽ മീഡിയാ പേജിൽ വരുന്ന അറിയിപ്പുകളും മറ്റും ശ്രദ്ധിക്കണമെന്നും വൈഭവ് സക്സേന പറഞ്ഞു. ചടങ്ങിൽ ഡി വൈ എസ് പി അബ്ദുൾ റഹിം അധ്യക്ഷനായി. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, ഡി വൈ എസ്പിമാരായ വി. അനിൽ, വി.ടി. ഷാജൻ, പി.എം ബൈജു തുടങ്ങിയവർ പങ്കെടുത്തു.
മീറ്റിംഗിൽ ക്രിയാത്മ നിർദ്ദേശം പങ്കു വച്ച റസിഡൻസ് അസോസിയേഷൻ പ്രതിനിധി ജോസഫ് റോയ്ഡൻ ഡിക്രൂസിന് ജില്ലാ പോലീസ് മേധാവി അഭിനന്ദനപ്പത്രം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: