തിരുവനന്തപുരം: കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പനി പിടിമുറുക്കിയിരിക്കുകയാണ്. പനിബാധിച്ച് ഇന്നലെ മാത്രം 11 പേർ മരിച്ചു. ഔദ്യോഗികകണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഇന്നലെ പനിബാധിതരുടെ എണ്ണം 12,204 ആണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേർ ചികിത്സ തേടിയിട്ടുണ്ട്.
അതേസമയം, പന്നിപ്പനിയും, ഡെങ്കുവും മഞ്ഞപ്പിത്തവും എലിപ്പനിയും കോളറയും വരെ പടർന്നു പിടിക്കുകയാണ്. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. നിലമ്പൂര്‍ മാനവേന്ദ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ കൊല്ലം സ്വദേശി അജീഷ് ആണ് മരിച്ചത്. രോഗലക്ഷണങ്ങളുമായി പത്ത് ദിവസം മുമ്പാണ് അജീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലമ്പൂര്‍മേഖലയില്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ മഞ്ഞപ്പിത്തവ്യാപനം ഉണ്ടായിരുന്നു. വള്ളിക്കുന്ന്, പോത്തുകല്ല്, എടക്കര മേഖലയില്‍ രോഗവ്യാപനം നിലനില്‍ക്കുന്നതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് നാലുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോളറ ബാധിതരുടെ എണ്ണം 11 ആയി. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) കോളറ ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: