തിരുവനന്തപുരം: പിഎസ്സി കോഴയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ പിഎസ്സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ നാല് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകരും പേലീസും തമ്മില്‍ അരമണിക്കൂറോളം നേരം ഉന്തു തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പലതവണ പോലീസ് ലാത്തികൊണ്ട് അടിച്ച് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു ലക്ഷ്യം. പോലീസ് പ്രകോപനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പട്ടം- കേശവദാസപുരം റോഡ് ഉപരോധിച്ചു. പിഎസ്സി ഓഫീസ് മാര്‍ച്ച് റോഡുപരോധമായി മാറി.
യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര് പ്രഫുല്‍കൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം കൊടുക്കാന്‍ പിഎസ്സിക്ക് സാധിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ നോതാക്കള്‍ക്കും ഭാര്യമാര്‍ക്കും പാര്‍ട്ടിക്ക് വിടുപണി ചെയ്യുന്നവര്‍ക്കും നിയമനം കൊടുക്കുന്ന ഇടമായി പിഎസ്സി മാറിക്കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് കോഴകൊടുത്ത് വാങ്ങിയ പോസ്റ്റിലിരിക്കുന്ന 21 പേരാണ് പിഎസ്സിയെ നിയന്ത്രിക്കുന്നത്. സ്വന്തം പേര് പോലും അക്ഷരം തെറ്റാതെ എഴുതാനറിയാത്ത നിസാമിനെയും ശിവരഞ്ജിത്തിനെയും പോലുള്ള എസ്എഫ്ഐ നേതാക്കള്‍ക്ക് എങ്ങനെയാണ് പോലീസ് റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രഫുല്‍ കൃഷ്ണന് കുറ്റപ്പെടുത്തി.
യുവജന വഞ്ചന മുഖമുദ്രയാക്കിയിട്ടുള്ള സര്‍ക്കാരാണ് പിണറായി വിജയന്റേത്. തന്റെ പേര് വലിച്ചിഴച്ചാല്‍ കേസ് കൊടുക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. മുഹമ്മദ് റിയാസ് തന്നെയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ നേതാവ്. അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അധ്യക്ഷത വഹിച്ച സമരത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, മേഖലാ ഉപാധ്യക്ഷന്‍ ശിവശങ്കരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: