ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയ്ക്ക് (മുഡ) കീഴിലുള്ള ഭൂമികൈമാറ്റ അഴിമതിയില്‍ കുരുങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും. മുഡയുടെ കീഴിലുള്ള 50: 50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്ന വ്യക്തികള്‍ക്കു പകരം ഭൂമി മറ്റൊരിടത്തു നല്കുന്ന പദ്ധതിയാണിത്.
മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ പേരില്‍ മൈസൂരു ഔട്ടര്‍ റിങ് റോഡിലുള്ള കേസരയിലെ ഭൂമി പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാന്‍ മൈസൂരു നഗരവികസന അതോറിറ്റിക്കു നല്‍കിയിരുന്നു. പാര്‍വതി നല്കിയ ഭൂമിയില്‍ ദേവന്നൂര്‍ ലേഔട്ട് വികസിപ്പിച്ച മുഡ, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറില്‍ അവര്‍ക്കു 38,284 ചതുരശ്ര അടി പകരം നല്കി. ഇതുവഴി മുഡയ്ക്കും കര്‍ണാടക സര്‍ക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന് മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തക സ്നേഹമായി കൃഷ്ണമൈസൂരുവിലെ വിജയനഗര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. നിലവില്‍ മൈസൂരു ഡെപ്യൂട്ടി കമ്മിഷണര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, മൈസൂരു നഗരവികസന അതോറിറ്റി എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ തല്ക്കാലം പരാതിയെ അടിസ്ഥാനമാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: