വാഷിങ്ടണ്‍: ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കിയുടേയും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും പേരുകള്‍ തെറ്റിച്ചു പറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്കിന്റെ സ്ഥാനാര്‍ത്ഥിയായി ബൈഡനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി അനുയായികള്‍ തന്നെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബൈഡന് നാക്കു പിഴ സംഭവിച്ചിരിക്കുന്നത്.
നാറ്റോ സമ്മേളനത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കിയെ ‘പ്രസിഡന്റ് പുടിന്’ എന്നാണ് ബൈഡന് അഭിസംബോധന ചെയ്തത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ സെലന്‍സ്കിയെ ക്ഷണിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞത്. പിന്നീട് അബദ്ധം മനസിലാക്കിയ അദ്ദേഹം മൈക്കിനടുത്തേക്ക് തിരിച്ചെത്തി പുടിനെ പരാജയപ്പെടുത്താന്‍ പോകുന്ന സെലന്‍സ്കിയെന്ന് തിരുത്തി. എന്നാല്‍ ബൈഡന്റെ ഈ പരാമര്‍ശത്തില്‍ നിര്‍വികാരനായിരുന്നു സെലന്‍സ്കി. താന്‍ പുടിനേക്കാള്‍ മികച്ചവനാണെന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം.
മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ കമലാ ഹാരിസിനെ ‘വൈസ്പ്രസിഡന്റ് ട്രംപ്’ എന്നായിരുന്നു ബൈഡന് വിളിച്ചത്. കമല ഹാരിസാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നായിരുന്നു ചോദ്യം. വൈസ് പ്രസിഡന്റ് ട്രംപിന് പ്രസിഡന്റാകാന്‍ യോഗ്യതയില്ലെങ്കില്‍ വൈസ് പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കുമായിരുന്നില്ല എന്നായിരുന്നു മറുപടി. പിന്നീട് തെറ്റ് മനസിലാക്കി അദ്ദേഹം പേര് ഉടന്‍ തിരുത്തിയെങ്കിലും സംഭവം ചര്‍ച്ചയായി. ബൈഡന് പാര്ക്കിന്സണ് രോഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ നാക്കുപിഴ സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: