ശ്രീവിദ്യയും കമൽഹാസനും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് പരസ്യമായൊരു രഹസ്യമാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ശ്രീവിദ്യയും കമൽഹാസനും തമ്മിൽ അടുക്കുന്നത്. പ്രായത്തിൽ മൂത്ത സ്ത്രീയുമായുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഷൂട്ട് പൂർത്തിയായപ്പോഴേക്കും കമലും ശ്രീവിദ്യയും പ്രണയത്തിലായി. എന്നാൽ പിന്നീട്, ആ ബന്ധം വേണ്ടെന്നു വച്ച കമൽഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. ശ്രീവിദ്യയുടെ അവസാനനാളുകളിൽ കമൽഹാസൻ ആശുപത്രിയിലെത്തി സന്ദർശിച്ചതും വാർത്തയായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘തിരക്കഥ’ എന്ന ചിത്രവും ശ്രീവിദ്യയുടെ ജീവിതകഥയിൽ നിന്നും പ്രചോദനമുൾകൊണ്ട ഒന്നായിരുന്നു. ശ്രീവിദ്യയുടെ കരിയറിന്റെ തുടക്കകാലത്ത് കമലഹാസനുമായുള്ള ബന്ധമായിരുന്നു സിനിമയുടെ പ്രധാന പ്രമേയം. അനൂപ് മേനോൻ, പൃഥ്വിരാജ്, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ, കമൽഹാസനുമായി ഒരിക്കൽ ശ്രീവിദ്യയെ കുറിച്ചു സംസാരിച്ച ഒരു അനുഭവം പങ്കിടുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മോനോൻ.
“കമൽഹാസൻ- ശ്രീവിദ്യ മീറ്റിംഗിൽ നിന്നും പ്രചോദനം ഉൾകൊണ്ടിട്ടുള്ളതാണ് ആ സിനിമ (തിരക്കഥ). ഹോട്ടൽ കാലിഫോർണിയ ഷൂട്ട് ചെയ്യുന്ന സമയം ഹോളിഡേ ഇന്നിൽ വച്ചു കമൽഹാസൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ” നിങ്ങൾ വിചാരിച്ചതുപോലെയല്ല ഞാനവിടെ ചെന്നത്. ആ കഥ അങ്ങനെയല്ല. രഞ്ജിത്തിനോട് പറയണം. അതല്ല… ഞാൻ അവസാനം വിദ്യയെ കാണാൻ പോയത് അതിനല്ല. അതല്ല ഞങ്ങളുടെ കെമിസ്ട്രി,” എന്ന്.
അപ്പോൾ ഞാൻ ചോദിച്ചു, എന്തിനാണ് സാർ ആക്ച്വലി വിദ്യാമ്മയെ കാണാൻ പോയത്? അദ്ദേഹം ആ ട്രേഡ്മാർക്ക് ചിരി ചിരിച്ചിട്ടു പറഞ്ഞു, ‘അതു ഞാൻ പറയണമെങ്കിൽ ഞാൻ കമലഹാസൻ അല്ലാതിരിക്കണം’. അത് നമുക്കിന്നും ഒരു മിസ്റ്ററിയാണ്,” എന്നാണ് കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: