ശ്രീനഗര്‍: കത്വയില്‍ അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വെടിവയ്പ്പുണ്ടായത്.
കശ്മീരിലെ ഉധംപൂര്‍ ജില്ലയിലുള്ള ബസന്ത്ഗഡ് തഹ്സിലിലെ സാങ് പോലീസ് പോസ്റ്റിലാണ് സംഭവം. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചുവെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് ജോഗീന്ദര്‍ സിങ് അറിയിച്ചു. ഈ പ്രദേശത്തു ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
സമീപ ചെക്ക്പോസ്റ്റുകളിലും ജാഗ്രത ശക്തമാക്കി. കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ആക്രമണമാണിത്. വിവധപ്രദേശങ്ങളില് നടന്ന ആക്രമണങ്ങളില്‍ കത്വ, ഉധംപൂര്‍, ഭാദര്‍വ എന്നിവിടങ്ങളിലെ പ്രദേശവാസികളായ 50 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതിനിടെ, കത്വ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൈനികര്‍ക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയില്‍ എത്തിയ ഭീകരര്‍ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയാറാക്കാനും ഭീകരര്‍ ഇവരോട് നിര്‍ദേശിച്ചു. ആക്രമണ സമയത്ത് ഭീകരര്‍ ബോഡി കാമറകള്‍ ധരിച്ചതായും സൈനികരുടെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനത്തിലാെളിച്ചവരെ തുരത്താന്‍ സേന വ്യാപക പരിശോധന ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: