ചാനല്‍ ഗോദയിലെ കൂട്ട ബഹളത്തിനിടയില്‍ ഒരു പച്ചക്കള്ളം ഉച്ചത്തില്‍ തട്ടിവിടുക. ചരിത്രമാണ് സാര്‍, ചരിത്രമാണ് സാര്‍, ചരിത്രമാണ് സാര്‍ എന്ന് മൂന്ന് വട്ടം ഉരുവിട്ട് കള്ളക്കഥ അടിച്ചുറപ്പിക്കുക. ഇങ്ങനെയാണ് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പുതിയ ചരിത്രമുണ്ടാക്കുന്നത്. ആര്‍എസ്എസിനെ അധിക്ഷേപിക്കലാണ് അവരുടെ ആസൂത്രിത അജണ്ട. അതിന് ആനയെ ആടാക്കും, ആടിനെ പട്ടിയാക്കും. അടിയന്തരാവസ്ഥയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മാപ്പ് പറഞ്ഞുകൊണ്ട് കത്തെഴുതിയെന്ന നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം കഴിഞ്ഞ ദിവസം എഴുന്നള്ളിച്ചത് ന്യൂസ് 24 ലെ വാര്‍ത്താവതാരകനാണ്. 2018ല്‍ ഫ്രണ്ട് ലൈനില്‍ ഇടത് എഴുത്തുകാരനായ എ.ജി. നൂറണി ഇറക്കി ചീറ്റിയ ആരോപണം അപ്പടി കോപ്പിയടിച്ചാണ്, കത്തുണ്ട് സാര്‍, എന്റെ കൈയിലുണ്ട് സാര്‍, ചരിത്രമാണ് സാര്‍, താങ്കള്‍ക്ക് അയച്ചുതരാം സാര്‍ എന്ന് അലമുറയിട്ട് 24ലെ കഥയെഴുത്തുകാരന് ആ കള്ളം അടിച്ചുറപ്പിക്കാന്‍ ശ്രമിച്ചത്.
കത്തിലെവിടെ മാപ്പ് എന്ന് ചോദിച്ചാല്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചില്ലേ എന്നാണ് കഥയെഴുത്തുകാരന്റെ ചോദ്യം. കത്തിലെവിടെയാണ് അടിയന്തരാവസ്ഥയെ പിന്തുണച്ചതെന്ന് ചോദിച്ചാല്‍ ലോജിക് വച്ച് ചിന്തിച്ചാല്‍ അങ്ങനെയാകാമല്ലോ എന്ന് വാദം. അത്രയുമേ ഉള്ളൂ കാര്യം. മധുകര്‍ ദത്താത്രേയ ദേവറസ് (ബാളാസാഹേബ് ദേവറസ്) എന്ന് പേര് വച്ച് അദ്ദേഹത്തിന്റെ കത്തുകളും മറ്റും സമാഹരിച്ച് സംഘത്തിന്റെ തന്നെ പ്രസാധകസ്ഥാപനമായ നോയിഡയിലെ ജാഗൃതി പ്രകാശന് പുറത്തിറക്കിയ ഹിന്ദു സംഗഠന്‍ ഔര്‍ സത്താവാദീ രാജ്നീതി എന്ന പുസ്തകത്തിലുണ്ട് ഇപ്പറഞ്ഞ കത്തുകള്‍. എന്നുവച്ചാല്‍ ഒളിച്ചുവച്ചവയല്ലെന്ന് സാരം. അന്നേ പൊതുഇടത്തില്‍ ഉള്ളത്. അടിയന്തരാവസ്ഥയ്ക്കും അതിനെതിരായ പോരാട്ടത്തിനും അമ്പതാണ്ടാകുന്ന കാലത്താണ് ഇപ്പോള്‍ ചിലര്‍ അത് പൊക്കിപ്പിടിക്കുന്നത്.
1975ലെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ചെയ്ത പ്രസംഗം പൂനെയിലെ യെര്‍വാദ ജയിലിലിരുന്നാണ് ആകാശവാണിയിലൂടെ ബാളാസാഹേബ് ദേവറസ് കേട്ടത്. ആ പ്രസംഗം കേട്ടതിന്റെ പ്രേരണയിലാണ് ഈ കത്തെന്ന ആമുഖത്തോടെയാണ് അദ്ദേഹം എഴുതിയത്. സമതുലിതമായ ആ പ്രസംഗത്തിന്റെ സത്തയുള്‍ക്കൊണ്ട് തെറ്റായ മുന്‍വിധികളിലെടുത്ത ആര്‍എസ്എസ് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ആ കത്തിലുണ്ട്. രാഷ്ട്രത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി സര്‍ക്കാരടക്കമുള്ള എല്ലാ സംവിധാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് അറിയാന്‍ സംഘമെന്താണെന്നും സംഘത്തിന്റെ നിലപാടെന്താണെന്നും സര്‍സംഘചാലക് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കത്തിന് മേലാണ് ഇരുപത്തിനാലിന്റെ അവതാരകന് മാപ്പെന്ന കള്ളമെടുത്തെറിയുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ദിര ഉയര്‍ത്തിക്കാട്ടിയ ഗാന്ധിയന്‍ ആശയങ്ങളെ മുന്‍നിര്‍ത്തി ബാളാസാഹേബ് കത്തിലൂടെ സംവദിക്കുന്നുണ്ട്. 1975 ആഗസ്ത് 22നും 1976 ജൂലൈ 16നും രണ്ട് കത്തുകളാണ് ദേവറസ്ജി ജയിലില്‍ നിന്ന് ഇന്ദിരയ്ക്ക് അയച്ചത്. ആര്‍എസ്എസിനെ നിരോധിച്ചതിന്റെ കാരണം ആരായുന്ന ആദ്യകത്തില്‍ സംഘത്തിനു മേല്‍ അവര്‍ ആരോപിച്ച മുസ്ലീം വിരുദ്ധത അടിസ്ഥാനമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടാമത്തെ കത്തില്‍ വിവിധ രാഷ്ട്രീയാശയങ്ങളുടെ ഐക്യത്തിനുള്ള ആഹ്വാനത്തെ കുറിച്ച് വിദേശരാജ്യങ്ങളില്‍ ഇന്ദിര നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഈ പറയുന്നതൊക്കെ നാട്ടില്‍ പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം അടിവരയിട്ടുപറയുന്നുണ്ട്. ഈ രണ്ട് കത്തിനും ഇന്ദിര മറുപടി നല്‍കിയില്ലെന്ന് ആചാര്യ വിനോബയ്ക്കെഴുതിയ കത്തിലും ദേവറസ്ജി സൂചിപ്പിക്കുന്നുണ്ട്. പിന്നെ ചോദ്യം കത്തിലെ മര്യാദയാര്‍ന്ന ഭാഷയെക്കുറിച്ചാണ്. രാജ്യത്തെ അടിയന്തരാവസ്ഥയുടെ ഇരുട്ടിലാക്കിയ ഒരു ഭരണാധികാരിയോട് ആര്‍എസ്എസ് സര്‍സംഘചാലക് സൗമനസ്യപൂര്‍വം സംസാരിക്കുന്നതിന്റെ മനശ്ശാസ്ത്രം ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടയാളമാണ് പോലും. ചാനല്‍ മുറിയില്‍ വാടാ പോടാ ഗുസ്തിയില്‍ അഭിരമിക്കുകയും അത് വിറ്റ് കാശാക്കുകയും ചെയ്യുന്ന രീതിക്ക് സംസ്കാരമെന്ന് പേരിട്ട് ബുദ്ധിജീവികളാകുന്നവര്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലകന്റെ സഭ്യമായ ഭാഷ മനസിലാകില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ഏത് കലുഷിതമായ സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്നതിന്റെ ഉന്നതമായ മാതൃകയായി അതിനെ കാണാനുള്ള ഔചിത്യം ക്ഷുദ്രരാഷ്ട്രീയം മനസില്‍പേറുന്നവര്‍ക്ക് ഉണ്ടാവുക സാധ്യവുമല്ല.
നൂറണിയും ബിപന്‍ ചന്ദ്രയും മുതലുള്ള ഇടത് എഴുത്തുകാരുടെ ആസൂത്രിത കള്ളങ്ങളില്‍ നിന്ന് വള്ളിയും പുള്ളിയും വിടാതെ പകര്‍ത്തിയെടുത്ത് വിളവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അപ്പുറമാണ് സംഘത്തിന്റെ നിലപാടും പ്രകൃതവും. അത് സ്വാര്ത്ഥത്തിന് രാഷ്ട്രീയമെന്ന പേരിട്ട ഇക്കൂട്ടര്‍ക്ക് പിടികിട്ടില്ല.
ലോജിക്കിന്റെ തമ്പുരാക്കന്മാര് പക്ഷേ തിരിച്ചുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഒരു സംഘടനയെ അകാരണമായി നിരോധിച്ചത് തെറ്റാണെന്ന് പറയാന്‍, ആ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ അതിന്റെ നേതാവിന് അവകാശമില്ലെന്ന് ബുദ്ധിയുടെ ഏത് പുറം വച്ചാണ് ഈ മാധ്യമപണ്ഡിതന്‍ വാദിക്കുന്നതെന്ന് ആരും ചോദിക്കരുത്. ചരിത്രം ഇടതന്മാര് പടയ്ക്കുന്ന കള്ളക്കഥകളല്ലെന്ന് അവരോര്‍ക്കുന്നത് നല്ലതാണ്. നാഗ്പൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് പൂനെ യെര്‍വാദ ജയിലിലടച്ച സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് മോചിതനായത് 21 മാസത്തിന് ശേഷമാണെന്നതും ചരിത്രമാണ് സാര്‍. രാഷ്ട്രീയ പാര്‍ട്ടികളെയൊക്കെ നിരോധിക്കും മുമ്പ് ഇന്ദിരയുടെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ചു എന്നതും ചരിത്രമാണ് സാര്‍. 1975 ജനുവരിയില്‍ത്തന്നെ ഇന്ദിര സര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ തീരുമാനിച്ചതും അതിനായി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ കരട് തയാറാക്കിയെന്നതും ചരിത്രമാണ് സാര്‍. സമഗ്രവിപ്ലവത്തിന്റെ നായകന് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലോക്സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ അകവും പുറവും എരിഞ്ഞുകത്തിയതത്രയും ആര്‍എസ്എസിന്റെ പ്രവര്‍ത്തകരാണെന്നതും ചരിത്രമാണ് സാര്‍. മിസ തടവുകാരായി ഇന്ദിര സര്‍ക്കാര്‍ ജയിലിലടച്ച 77 സ്ത്രീകളടക്കമുള്ള 23015 പേര് സ്വയംസേവകരാണെന്നതും ചരിത്രമാണ് സാര്‍. സത്യഗ്രഹികളില്‍ അറസ്റ്റിലായ 44965 പേരില്‍ 9655 പേരൊഴികെയുള്ളവരത്രയും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നതും ചരിത്രമാണ് സാര്‍.
അടിയന്തരാവസ്ഥയ്ക്കെതിരെ രംഗത്തെത്തിയ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യത്തെക്കുറിച്ച് എന്റെ മനസിലുയര്‍ത്തിയ ആശങ്കകള്‍ ശമിപ്പിച്ചതെന്ന് ഡോ. ശിവരാമകാരന്ത് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. എണ്‍പത് ശതമാനത്തിലധികം പോരാളികളും അവരായിരുന്നു. പ്രത്യാശയോ പ്രതീക്ഷയോ ഇല്ലാതെ, അവര്‍ സമരത്തില്‍ മുഴുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കഴിക്കാന്‍ ഒന്നുമില്ലാതെ, വിശ്രമിക്കാന്‍ ഇടമില്ലാതെ… എന്നിട്ടും അവര്‍ക്ക് സമരതീക്ഷ്ണത ഒട്ടും കുറവില്ലായിരുന്നു, ശിവരാമ കാരന്തിന്റെ വാക്കുകള്‍ മോഡേണ്‍ റിവ്യൂവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമരത്തിന്റെ തീക്ഷ്ണതയെക്കുറിച്ച് ദി പീപ്പിള്‍ വേഴ്സസ് എമര്‍ജന്‍സി; എ സാഗ ഓഫ് സ്ട്രഗിള്‍ എന്ന പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ 5349 ഇടങ്ങളിലായി നടന്ന സത്യഗ്രഹത്തില്‍ പങ്കെടുത്തത് ഒന്നര ലക്ഷത്തിലേറെ ആളുകളാണ്. അതില്‍ എണ്‍പതിനായിരവും സ്വയംസേവകരായിരുന്നു. 2424 സ്ത്രീകളടക്കം 44965 പേര് ഡിഐആറിലും മിസയിലും തടവിലായി. എണ്‍പത്തേഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബലിദാനികളായി. ആ സമരം ആര്‍എസ്എസിന്റെ സ്വാഭാവിക ദൗത്യമായിരുന്നു. രാഷ്ട്രരക്ഷയ്ക്കായുള്ള തികച്ചും സ്വാഭാവികമായ ചുമതല നിറവേറ്റല്‍. അതിന്റെ പേരില്‍ എന്തെങ്കിലും അവകാശവാദം ആര്‍എസ്എസ് ഉന്നയിച്ചിട്ടില്ല. നിരോധനം നീങ്ങിയപ്പോള്‍, രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ന്നപ്പോള്‍ അക്കാലമത്രയും അനുഭവിച്ച പീഡനങ്ങളെ മുന്‍നിര്‍ത്തി ഇനിയെന്ത് എന്ന് ചോദിച്ചവരോട് സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് പറഞ്ഞത് ‘മറക്കുക, പൊറുക്കുക’ എന്നതാണ്. ആ ഇരുണ്ടകാലത്തിന് ഭാരതം ജനകീയമായി മറുപടി നല്കിയതെങ്ങനെയാണെന്ന് കാലം കണ്ടതാണ്. ജനാധിപത്യത്തിന്റെ കരുത്തില്‍ ഇന്ദിരയുടെ പ്രതാപങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ അവകാശവാദവും ആര്‍എസ്എസ് ഉന്നയിക്കാന്‍ വന്നിട്ടില്ല. അന്നുമിന്നും ആര്‍എസ്എസ് അങ്ങനെയാണ്. കണ്ണില്‍ച്ചോരയില്ലാത്ത പീഡനത്തിന്റെ ജീവിക്കുന്ന ബലിദാനികളുടെ മുന്നില്‍ നിന്ന് നൂറായിരം നൂറണിമാരുടെ കള്ളക്കഥകള്‍ മലയാളത്തിലാക്കി അലമുറയിടുന്നവര്‍ക്ക് ലക്ഷ്യം മറ്റൊന്നാണ്. അത് ആര്‍ക്കും എളുപ്പത്തില്‍ മനസിലാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: