അടൂര്‍: സന്നിധാനത്ത് നിന്ന് കോടികള്‍ വിലമതിക്കുന്ന ഉപയോഗ്യശൂന്യമായ അരവണ മാറ്റാന്‍ കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയിട്ടും അനുമതി നല്ക്കാതെ ദേവസ്വം ബോര്‍ഡ്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള പദ്ധതിയും കുറഞ്ഞ ടെന്‍ഡര്‍ തുകയും നല്കിയ കുടശനാട് സ്വദേശി വി. കിരണിനാണ് അരവണ മാറ്റാനുള്ള അനുമതി ഇതുവരെ നല്‍കാത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലെത്തി പ്രസിഡന്റിനും സെക്രട്ടറിക്കും അരവണ നശീകരണവുമായി ബന്ധപ്പെട്ടുള്ള പ്രോജക്റ്റുള്പ്പെടെ നല്‍കിയിരുന്നു. ഒപ്പം ടെന്‍ഡറിന്റെ തുക വീണ്ടും കുറച്ചാണ് നല്‍കിയത്. നേരത്തെ ഏറ്റുമാനൂര്‍ സ്വദേശി നല്കിയ 1.88 കോടി രൂപയുടെ ടെന്‍ഡറിന് നല്കാന് അകത്തളങ്ങളില്‍ ശ്രമം നടക്കവേയാണ് ഏറ്റവും കുറച്ചുള്ള ടെന്‍ഡര്‍ കിരണ്‍ നല്‍കുന്നത്. ഇത് ദേവസ്വം ബോര്‍ഡിന് ഏറെ ലാഭകരമെന്നിരിക്കെ ബോര്‍ഡ് ടെന്‍ഡര്‍ തുക കുറച്ച് നല്കിയ വ്യക്തിക്ക് അരവണ മാറ്റാന്‍ അനുമതി കൊടുക്കാത്തതിന്റെ പിന്നിലെ ദുരൂഹത വര്‍ധിക്കുകയാണ്.
എത്രയും പെട്ടെന്ന് അരവണ സന്നിധാനത്ത് നിന്ന് മാറ്റണമെന്നിരിക്കെ ബോര്‍ഡിന്റെ ഈ നിലപാട് ഇരട്ടത്താപ്പെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേടായ അരവണ മത്സ്യകൃഷിയില്‍ തീറ്റയായി നല്‍കാനും ടിന്നിലെ പേപ്പര്‍ പൊടിച്ചു വളമാക്കി മാറ്റാനുമാണ് പദ്ധതി. തമിഴ്നാട്ടിലെ അമ്പാസമുദ്രം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കിരണിന് മത്സ്യകൃഷി ഉണ്ട്. കുടശനാട്ടിലും, കുരമ്പാല, കുളനട- ചിറമുടി എന്നിവിടങ്ങളിലും മത്സ്യകൃഷി നടത്തുന്നു.
ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി കലര്‍ന്ന അരവണ നശിപ്പിക്കാനുള്ള ചുമതല ലഭിച്ചാല്‍ കേടായ അരവണ മത്സ്യകൃഷിയില്‍ തീറ്റയായി ഉപയോഗിക്കാമെന്ന് കിരണ്‍ ജന്മഭൂമിയോട് പറഞ്ഞു. കുമരകം അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. പത്കുമാര്‍ അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്നും പറഞ്ഞിട്ടുണ്ട്. 6.65 കോടി രൂപയുടെ ഉപയോഗ്യശൂന്യമായ അരവണ ടിന്നാണ് സന്നിധാനത്തുള്ളത്. ഇതില്‍ ഒരു ടിന്നിന് 250 ഗ്രാം തൂക്കം വരും. ലോഡ് കണക്കിന് അരവണയാണ് യുദ്ധക്കാലാടിസ്ഥാനത്തില്‍ മാറ്റേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: