ചെന്നൈ: ചെസിന്റെ ലോകത്തേക്ക് രജനീകാന്തായി ക്രിക്കറ്റ് താരം അശ്വിന്‍ ഇറങ്ങുന്നതിനെ അഭിന്ദിച്ച് വിശ്വനാഥന്‍ ആനന്ദ്. ഐപിഎല്‍ പോലെ ചെസ്സിലും പുതിയ ടൂര്‍ണ്ണമെന്‍റുകളും മത്സരങ്ങളും ആഗോള ചെസ് ഫെഡറേഷന്‍ (ഫിഡെ) ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ അതില്‍ ഒരു ടീമിന്റെ ഉടമകളില്‍ ഒരാളാകാനുള്ള അശ്വിന്റെ തീരുമാനത്തെക്കുറിച്ചാണ് വിശ്വനാഥന്‍ ആനന്ദിന്റെ ഈ കമന്‍റ്. ഫിഡെയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് വിശ്വനാഥന്‍ ആനന്ദ്.
ഒക്ടോബര്‍ 3 മുതല്‍ 12 വരെ ലണ്ടനില്‍ നടക്കാന്‍ പോകുന്ന ഗ്ലോബല്‍ ചെസ് ലീഗില്‍ അമേരിക്കന്‍ ഗാംബിറ്റ് എന്ന പ്രൊഫഷണല്‍ ചെസ് ടീമിന്റെ ഉടമകളില്‍ ഒരാളായി മാറുകയാണ് ക്രിക്കറ്റ് താരം അശ്വിന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമേരിക്കന്‍ ഗാംബിറ്റ് എന്ന ടീമിന്റെ ഫ്രാഞ്ചൈസിയാകാന്‍ പണം നിക്ഷേപിക്കുകയാണ് അശ്വിന്‍. എത്ര പണം എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
കായികരംഗത്തെ എല്ലാ മേഖലകളിലും ഇത്തരം ഫ്രാഞ്ചൈസി സംവിധാനങ്ങള്‍ നിലവില്‍ വരികയാണ്. മത്സരത്തിന് അതോടെ വീറും വാശിയും ഏറും. താരങ്ങള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും പണവും കിട്ടും. സ്പോര്‍ട്സ് ആരാധകര്‍ക്ക് അത് വലിയ നേരമ്പോക്കാകും.
അമേരിക്കന്‍ ഗാംബിറ്റ് എന്ന അശ്വിന്റെ ടീം ഉള്‍പ്പെടെ ആറ് ടീമുകളാണ് ഗ്ലോബല്‍ ചെസ് ലീഗില്‍ പങ്കെടുക്കുക. ടെക് മഹീന്ദ്രയും ഫിഡെയും ചേര്‍ന്നാണ് ഈ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നത്.ലോകത്തെ മുന്‍നിരയിലുള്ള ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും.
ഫ്രാഞ്ചൈസി ടീമുകള്‍ മത്സരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചെസ് ടൂര്‍ണ്ണമെന്‍റാണ് ഗ്ലോബല്‍ ചെസ് ലീഗ്. “ക്രിക്കറ്റില്‍ നന്നായി ബൗള്‍ ചെയ്ത താങ്കള്‍ ഗ്ലോബല്‍ ചെസ് ലീഗിലും അതേ മത്സരവീറ് കൊണ്ട് വരുമെന്ന് ഉറപ്പുണ്ട്. താങ്കളുടെ ഓഫ് സ്പിന്നുകള്‍ പോലെ തേരുകളും ആനകളും ആര്‍ക്കും തടയാനാവാതെ മുന്നേറട്ടെ.”- അശ്വിന്റെ തീരുമാനത്തെ അഭിനന്ദിച്ച് വിശ്വനാഥന്‍ ആനന്ദ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച സന്ദേശമാണിത്. ഈ സന്ദേശത്തോടൊപ്പം രജനീകാന്തിന്റെ പടയപ്പ എന്ന സിനിമയിലെ എ.ആര്‍. റഹ്മാന്റെ ഒരു ഗാനവും അശ്വിനെ അഭിനന്ദിച്ചുകൊണ്ട് വിശ്വനാഥന്‍ ആനന്ദ് പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: