ഭാരതത്തില്‍, സ്വാതന്ത്ര്യത്തിനു ശേഷം, ഒരു അലിഖിത നിയമം നിലവിലുണ്ട്- ദേശീയ സുരക്ഷയും പ്രത്യേകിച്ച് സായുധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്ന്. പാകിസ്ഥാനും ചൈനയുമായി ഭാരതം നടത്തിയ വിവിധ യുദ്ധങ്ങളില്‍ ഇതുകണ്ടതാണ്. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സായുധ സേനയുടെ പിന്നില്‍ നിന്നു. എന്നാല്‍ 2014 മുതല്‍ കാര്യങ്ങള്‍ മാറി. 2014 ന് ശേഷം, ഭാരതത്തിനകത്തും പുറത്തുമുള്ള ഒരു ‘ഇക്കോസിസ്റ്റം’, നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ യോഗ്യതകളെ തരംതാഴ്ത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇതില്‍ സായുധ സേനയെയും ഒഴിവാക്കിയിട്ടില്ല. അനാവശ്യ വിവാദങ്ങളിലേക്ക് അവരെ വലിച്ചിഴച്ചു. സായുധ സേനയില്‍ നിന്ന് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ചോദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു; ഭാരത-ചൈന സംഘര്‍ഷത്തില്‍ ഭാരതത്തിന് ലഡാക്കില്‍ ഭൂമി നഷ്ടപ്പെട്ടു എന്ന തരത്തില്‍ തെറ്റായ വസ്തുത പ്രചരിപ്പിക്കുകയും അതുവഴി സായുധ സേനയെ നേരിട്ട് അപമാനിക്കുകയും ചെയ്തു. അന്തരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് പലതവണ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ‘അഗ്നിവീര്‍ പദ്ധതി’ യും ഇപ്പോള്‍ അതുപോലെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്.
അഗ്നിവീര്‍ വിവാദം കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്, കാരണം ഈ വിവാദം സായുധ സേനയില്‍ ഭിന്നത സൃഷ്ടിക്കാന്‍ നേരിട്ട് ശ്രമിക്കുന്നതിന് തുല്യമാണ്. സായുധ സേനയുടെ ആധുനികവത്കരണത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി 2022 ലാണ് സര്‍ക്കാര്‍ ‘അഗ്നിവീര്‍’ പദ്ധതി ആവിഷ്കരിച്ചത്. ലോകമെമ്പാടും, സായുധ സേനയെ സാങ്കേതിക വിദ്യയുടെ മതിയായ ഉപയോഗത്തോടെ ഒരു യുവ പോരാട്ട സജ്ജ സേനയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് യുദ്ധം ചെയ്യുന്ന സ്വഭാവം മാറിയെന്ന് നമുക്കറിയാം. അതിനാല്‍, യുദ്ധതന്ത്രം, പരിശീലനം, ഉപകരണങ്ങള്‍, മാനവ വിഭവശേഷി മാനേജ്മെന്റ് എന്നിവ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. എന്നിരുന്നാലും, ഭാരതത്തില്‍ സായുധ സേനയിലെ മാനവ വിഭവശേഷി മാനേജ്മെന്റിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ റിക്രൂട്ട്മെന്റ് പ്രക്രിയ ഇപ്പോഴും പിന്തുടരുന്നു. ‘അഗ്നിവീര്‍ പദ്ധതി’ നമ്മുടെ സായുധ സേനയില്‍ അത്യന്താപേക്ഷിതമായ മാനവ വിഭവശേഷി മാനേജ്മെന്റ് മാറ്റമാണ്. കാരണം ലളിതമാണ്- ഇപ്പോള്‍ നമ്മുടെ സായുധ സേന ഏകദേശം 32 മുതല്‍ 33 വയസ്സ് വരെ താരതമ്യേന പ്രായമുള്ള സായുധ സേനയാണ്. ഇത് ഏകദേശം 25-26 വര്‍ഷമായി കുറയ്ക്കുകയും, ഭാരത സായുധ സേനയെ ഒരു യുവ പോരാട്ട സേനയായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് അഗ്നിപഥ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതൊരു പോരാട്ട പ്രവര്‍ത്തനത്തിന്റെ ആവശ്യകതയാണ്. നമ്മുടെ അതിര്‍ത്തി കാക്കാനും, പര്‍വതങ്ങള്‍ കയറാനും, തീവ്രവാദികളോട് പോരാടാനും നമുക്ക് യുവ സൈനികരെ ആവശ്യമുണ്ട്. ഈ പ്രവര്‍ത്തന ആവശ്യത്തിനുള്ള പരിഹാരമാണ് ‘അഗ്നിവീര്‍’. പ്രതിരോധ ബജറ്റിലെ പെന്‍ഷനുകള്‍ക്കുള്ള വിഹിതം കുറയ്ക്കുകയും അതുവഴി ഏറ്റവും പു
തിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ സായുധ സേനയെ സഹായിക്കുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ അധിക നേട്ടം.
17.5 നും 21 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പദ്ധതി നോണ്‍ ഓഫീസര്‍ റാങ്ക് ലക്ഷ്യം വച്ചുള്ളതാണ്. എന്നാല്‍, ഈ പരിഷ്കരണം വളരെക്കാലമായി തീര്‍ച്ചപ്പെടുത്തിയിട്ടില്ല. നേരത്തെ രൂപീകരിച്ച കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി പോലുള്ള യുദ്ധാനന്തര കമ്മിറ്റികളുടെ ശുപാര്‍ശയാണിത്. എന്നിരുന്നാലും, രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം കാരണം, മുന്‍ സര്‍ക്കാരുകള്‍ പലതും ഈ തീരുമാനം എടുത്തില്ല. ഈ പദ്ധതി യുവാക്കള്‍ക്ക് സായുധ സേനയില്‍ അഗ്നിവീരന്മാരായി സേവനമനുഷ്ഠിക്കാനുള്ള അവസരം നല്കുന്നു.
സേവനത്തിലേര്‍പ്പെടുമ്പോള്‍ പ്രതിമാസ ശമ്പളവും സായുധ സേനയുടെ മറ്റെല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം, 25% അഗ്നിവീരരെ റെഗുലര്‍ കേഡറില്‍ നിലനിര്‍ത്തും. ബാക്കിയുള്ള 75% പേര്‍ക്ക് എക്സിറ്റ് പാക്കേജും അവരുടെ രണ്ടാമത്തെ കരിയറിന് പിന്തുണയും ലഭിക്കും. നാല് വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിക്കുന്ന അഗ്നിവീറിന് 12 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് ലഭിക്കും. ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയ ഈ സേവാനിധി പാക്കേജ്, നാല് വര്‍ഷത്തെ കാലാവധിക്ക് ശേഷം ഭാവി സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് സാമ്പത്തിക സഹായം നല്കുന്നു.
നാല് വര്‍ഷം സേവനമനുഷ്ഠിക്കുമ്പോള്‍, അഗ്നിവീര്‍ മാസശമ്പളമായി നേടിയ മറ്റൊരു 12 ലക്ഷം രൂപയ്ക്ക് പുറമേയാണ് ഈ സേവാനിധി തുക. നാല് വര്‍ഷത്തിന് ശേഷം, അഗ്നിവീറിന് 12-ാം ക്ലാസ് തത്തുല്യ സര്‍ട്ടിഫിക്കറ്റുകള്‍, നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍, തുടര്‍ പഠനത്തിനുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ എന്നിവയുടെ രൂപത്തില്‍ വിദ്യാഭ്യാസ അപ്ഗ്രഡേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അഗ്നിവീറിന് സെന്‍ട്രല്‍ പാരാ മിലിട്ടറി സേനയില്‍ ജോലി ഒഴിവുകള്‍ നീക്കിവച്ചിട്ടുണ്ട്. ഭാരതത്തിലെ ചില വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളും അഗ്നിവീറിനായി ജോലികള്‍ നീക്കിവച്ചിട്ടുണ്ട്.
വ്യവസായ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന അഗ്നിവീരര്‍ക്ക് ബാങ്ക് വായ്പാ പദ്ധതികളില്‍ മുന്‍ഗണന ലഭിക്കും. ഇതിനെല്ലാം പുറമെ, നാലുവര്‍ഷത്തെ സര്‍വീസില്‍ അവര്‍ നേടുന്ന അനുഭവപരിചയവും അച്ചടക്ക സേനയുടെ ഭാഗമാകുമ്പോള്‍ ഉണ്ടാകുന്ന വ്യക്തിത്വ വികാസവും ജീവിതത്തില്‍ വിജയികളാകാന്‍ സഹായിക്കും.
6 മാസത്തെ പരിശീലന കാലയളവ് അപര്യാപ്തമാണെന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്. പരിശീലനം ഒരിക്കലും അവസാനിക്കാത്ത പ്രക്രിയയാണെന്ന് സായുധ സേനയില്‍ ഉണ്ടായിരുന്നവര്‍ക്ക് അറിയാം. കരിയറിന്റെ ആദ്യ ആറുമാസം മാത്രമല്ല, തന്റെ അവസാന സേവന തീയതി വരെ സൈനികന് പരിശീലനം തുടരുന്നു. സൈനികന് വ്യക്തിഗതമായും ഒരു ടീമിന്റെ ഭാഗമായും മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ബറ്റാലിയന് തലത്തിലുള്ള സായുധ സേനയില്‍ മാര്‍ഗങ്ങളും രീതികളും ഉണ്ട്. നാല് വര്‍ഷത്തിന് ശേഷം സേവനം പൂര്‍ത്തിയാക്കുന്ന, ആയുധ പരിശീലനം നേടിയ അഗ്നിവീര്‍ സമൂഹത്തിന് ഭീഷണിയാകുമെന്നതാണ് പദ്ധതിക്കെതിരായ മറ്റൊരു ആശങ്ക. ഇതില്‍ കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭീകരാക്രമണ മേഖലകളിലേക്ക് ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. വിരമിച്ച എത്ര ജവാന്മാര് ഈ പ്രദേശങ്ങളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്? ഒരു വ്യക്തി ഭാരതീയ സായുധ സേനാ ജവാന് ആയിക്കഴിഞ്ഞാല്‍, അവനെ സംബന്ധിച്ചിടത്തോളം ദേശീയ താല്‍പ്പര്യം എല്ലായ്പ്പോഴും ഒന്നാമതാണ്. സായുധ സേനയുടെ ഏതൊരു നയത്തിന്റെയും മാനദണ്ഡം പോലെ, ഇത് നിരന്തരമായ വിലയിരുത്തലിന് വിധേയമാണ്. ബറ്റാലിയന് തലത്തിലുള്ള സൈനികരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തും. അഗ്നിവീര്‍ പദ്ധതിയും വ്യത്യസ്തമല്ല. സായുധ സേനയുടെ നിരന്തരമായ വിലയിരുത്തല്‍ നടക്കുന്നു, ആവശ്യമെങ്കില്‍ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. എന്നാല്‍ ഈ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്ന് പറയുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ്.
സര്‍വീസിലിരിക്കെ വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നല്കിയ നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതായിരുന്നു. അഗ്നിവീര്‍ അജയ് കുമാറിന്റെ പരമോന്നത ത്യാഗത്തിന് നല്കിയ നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള ഈ ചര്‍ച്ച ഒരു സൈനികനെന്ന നിലയില്‍ അദ്ദേഹത്തിനും, മുമ്പ് സായുധ സേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ സൈനികര്‍ക്കും അപമാനമാണെന്ന് ഞാന്‍ കരുതുന്നു. ഭാരത സായുധ സേനയിലെ സൈനികര്‍ തങ്ങളുടെ രാജ്യത്തിന് വേണ്ടി ജീവന് നല്കുന്നതില് അഭിമാനിക്കുന്നു. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന്, അവരുടെ പ്രിയപ്പെട്ട മകന്റെയോ സഹോദരന്റെയോ ഭര്‍ത്താവിന്റെയോ നഷ്ടത്തിന് പകരം വയ്ക്കാന്‍ ഒരു നഷ്ടപരിഹാരവും മതിയാകില്ല. വരും നാളുകളില്‍ അത് മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ നഷ്ടമാകാം.
അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബം നഷ്ടപരിഹാരം ലഭിച്ചതായി സ്ഥിരീകരിച്ചതിന്
ശേഷവും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ വിവാദത്തില്‍ മുഴുകുന്ന ചിലരുണ്ട്. അവരോട് മുന്‍ സൈനികന് എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, ഭാരത സായുധ സേനയുടെ യൂണിഫോം ധരിക്കുന്ന ഏതൊരു വ്യക്തിയും ഒരു സൈനികനാണ്. ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നതുപോലെ, രണ്ട് തരം സൈനികരില്ല, ഒരു അഗ്നിവീരന് യൂസ് ആന്‍ഡ് ത്രോ തൊഴിലാളി അല്ല. നഷ്ടപരിഹാരം ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച്, ഭാരതീയ സൈനികനെന്ന നിലയില്‍ അഭിമാനിക്കുന്നതുകൊണ്ടും, തന്റെ ബറ്റാലിയനി
ല്‍ അഭിമാനിക്കുന്നതുകൊണ്ടും, തന്റെ സഹതാരങ്ങളെ കരുതുന്നതുകൊണ്ടും, എല്ലാറ്റിനുമുപരിയായി, മാതൃരാജ്യത്തെ വളരെയധികം സ്നേഹിക്കുന്നതുകൊണ്ടുമാണ് അദ്ദേഹം തന്റെ ജീവന് നല്‍കുന്നത്. എന്നാല്‍ ഇത് മനസ്സിലാകണമെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയത്തിനതീതമായി നിങ്ങള്‍ രാജ്യത്തിന് മുന്‍ഗണന നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: