കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവാ കോളേജിലെ പ്രശ്നത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്ക്കറിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി നല്കി എസ് എഫ് ഐ . കോളേജില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്.
സസ്പെന്ഷന് നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തതിനാണ് എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
അതേ സമയം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫറഞ്ഞു. പൊലീസ് സാന്നിധ്യത്തിലാണ് ഭീഷണി മുഴക്കിയത്. എന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക. പ്രിന്‍സിപ്പാള്‍ രണ്ട് കാലില്‍ കോളേജില്‍ കയറണമോ എന്ന് എസ് എഫ് ഐ തീരുമാനിക്കുമെന്നായിരുന്നു എസ് എഫ് ഐ നേതാവിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: