വായില്‍ വന്നതെല്ലാം കോതയ്ക്ക് പാട്ട് എന്നുകേട്ടിട്ടേയുള്ളൂ. അതിപ്പം കണ്ടു. ലോക്സഭയില്‍ ഒരു മണിക്കൂറോളം പ്രസംഗം എന്ന മട്ടില്‍ പത്തുവര്‍ഷത്തിനുശേഷം പ്രതിപക്ഷനേതാവിന്റെ കോപ്രായം. പത്തുവര്‍ഷം കോണ്‍ഗ്രസിന് ലഭിച്ച സീറ്റേ ഇപ്പോള്‍ കിട്ടിയിട്ടുള്ളൂ. 543 ല്‍ 99 സീറ്റിലാണ് ജയിക്കാനായത്. കെട്ടും മട്ടും ഭാവപ്രകടനവും കണ്ടാല്‍ തോന്നുക ഭരണം നയിക്കുന്നത് കോണ്‍ഗ്രസാണെന്നാണ്. അമ്പൊടുങ്ങാത്ത ആവനാഴിയുമായി കുരുക്ഷേത്ര പോര്‍മുഖത്ത് ശരമാരി പെയ്തിറക്കിയ അര്‍ജുന വീര്യമായിരുന്നു രാഹുലിന്റെ പ്രസംഗത്തിലുടനീളമെന്നാണ് ഒരു വാറോല വച്ചുകാച്ചിയത്. നെഞ്ചുകീറിവന്ന വാക്പ്രവാഹമായിരുന്നു രാഹുലിന്റെ പ്രസംഗമെന്നുകൂടി പറയുമ്പോള്‍ സംഗതി വ്യക്തമായി. ഏതൊരു ജനാധിപത്യവിശ്വാസിയുടെയും നെഞ്ചുകീറുന്ന വാക്കുകളാണ് രാഹുലില്‍നിന്ന് പുറത്തേക്ക് വന്നത്. സഭാനാഥനായ സ്പീക്കറെപോലും ധിക്കരിച്ച്, സഭാനേതാവായ പ്രധാനമന്ത്രിയെ അവഹേളിച്ചതിന് പുറമെ സൈന്യത്തിന് പോലും അവമതിപ്പുണ്ടാക്കുന്ന പ്രസംഗം. അതാകട്ടെ ഗാന്ധിയുടെ ക്വിറ്റിന്ത്യാ പ്രസംഗംപോലെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം പോലെയും മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം പോലെയാണെന്നും വിശേഷണം വരുമ്പോള്‍ സ്വാഭാവികമായും രാഹുല്‍ ചിന്തിച്ചുകാണും ‘അമ്പട ഞാനേ എന്ന്. ഞാനെത്ര കേമനാണെന്ന്’.
സഖ്യകക്ഷികളുടെ ബലത്തില്‍ ജീവിക്കുന്ന പരാന്ന ജീവിയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന്റെ പ്രസംഗത്തെ പരാമര്‍ശിച്ച് പറഞ്ഞു. എവിടെയൊക്കെ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയോ അവിടെയെല്ലാം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 26% മാത്രമാണ്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തില്‍ മത്സരിക്കുന്നയിടങ്ങളില്‍ വോട്ടും നേടുന്നുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 15 സംസ്ഥാനങ്ങളില്‍ അവരുടെ വോട്ടുവിഹിതം ഇത്തവണ കുറയുകയാണുണ്ടായത്. ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മത്സരിച്ചപ്പോള്‍ 64 സീറ്റില്‍ വെറും 2 സീറ്റിലാണ് ജയിച്ചത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ ജനം എന്‍ഡിഎയെ തെരഞ്ഞെടുക്കുകയായിരുന്നു. അതില്‍ ചിലര്‍ക്കുള്ള സങ്കടം മനസ്സിലാക്കാനാകും. വലിയ നുണകള്‍ നിരത്തിയിട്ടും പ്രതിപക്ഷത്തിനുണ്ടായത് വലിയ പരാജയമാണെന്ന് കാണാന്‍ പ്രയാസമില്ല.
പത്തുവര്‍ഷംകൊണ്ട് 25 കോടി പാവപ്പെട്ടവര്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ജനം വീണ്ടും തെരെഞ്ഞെടുത്തത്. 2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ വ്യക്തമാക്കിയത് അഴിമതി തുടച്ചുനീക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും നടത്തില്ലെന്നാണ്. ആ വാക്ക് പാലിച്ചതിനാലാണ് ജനങ്ങള്‍ ഇന്ന് അനുഗ്രഹിച്ചത്. ആഗോളതലത്തില്‍ ഇന്ത്യയെ ബഹുമാനത്തോടെയാണ് ഇന്ന് വീക്ഷിക്കുന്നത്. അത് ഓരോ ഇന്ത്യന്‍ പൗരനും അനുഭവിക്കുന്നു.
2014 ന് മുമ്പ് പത്രം തുറന്നാല്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും വാര്‍ത്തകള്‍ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. നൂറുകോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ആ കാലങ്ങളില്‍ നടന്നത്. അഴിമതികളുടെ ലോകം ജനങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. 2014 ന് മുമ്പ് നയങ്ങള്‍ മരവിച്ച കാലഘട്ടമായിരുന്നു. പാവപ്പെട്ടവന് വീടുവയ്ക്കണമെങ്കിലും ആയിരക്കണക്കിന് രൂപ കൈക്കൂലി നല്‍കണമായിരുന്നു. ഗ്യാസ് കണക്ഷന് കിട്ടാന്‍ എം.പിയുടെയും എംഎല്‍എമാരുടെയും മുന്പില് യാചിച്ച് നില്ക്കേണ്ടിവന്നിരുന്നു. സൗജന്യ റേഷന്‍ പോലും കിട്ടിയിരുന്നില്ല. അതിന് പോലും കൈക്കൂലി നല്‍കേണ്ടിവന്നിരുന്നു. അപ്പോഴാണ് ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തത്. അന്നുമുതല്‍ രാജ്യത്ത് മാറ്റം പ്രകടമായി. ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു. രാജ്യത്തെ നിരാശയില്‍ നിന്ന് കരകയറ്റി പ്രതീക്ഷയും ആത്മവിശ്വാസവുമുള്ള ജനതയാക്കിമാറ്റി. 2014 ന് മുന്‍പ് ഒന്നും നടക്കില്ലെന്ന് കരുതിയ രാജ്യത്ത് ഇപ്പോള്‍ ഒന്നും അസാധ്യമല്ലെന്ന് തെളിഞ്ഞു. അതിനെയാണ് രാഹുല്‍ പരിഹസിച്ചത്.
സഭാചട്ടങ്ങള്‍ക്കും മര്യാദക്കും നിരക്കാത്ത ഭാഗങ്ങള്‍ സ്പീക്കര്‍ സഭാരേഖയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ആര്‍എസ്എസിനും മോദിക്കും ബിജെപിക്കും ആക്ഷേപകരമായ ഭാഗങ്ങള്‍ മാത്രമല്ല നീക്കിയത്. അദാനിയേയും അംബാനിയേയും അഗ്നിവീറിനെയും പരിഹസിക്കുന്ന ഭാഗങ്ങളും നീക്കി. മോദിയും ആര്‍എസ്എസും ബിജെപിയും അല്ല ഹിന്ദുക്കളെന്നും അവര്‍ ഹിന്ദുമതത്തിന് ഭയപ്പെടുത്തലിന്റെയും ഹിംസയുടെയും മുഖം നല്‍കിയവരാണെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. അതും നീക്കി.
സ്വയം ഹിന്ദുവാണ് എന്ന് പറയുന്നവര്‍ അക്രമം നടത്തുന്നുവെന്ന രാഹുലിന്റെ പരാമര്‍ശവും അമിത്ഷായുടെ ഇതുസംബന്ധിച്ച ആരോപണ ഭാഗവും സഭാരേഖകളില്‍ നിന്ന് നീക്കി. ബിജെപി 24 മണിക്കൂറും ഹിംസയിലും വിദ്വേഷത്തിലുമാണന്നും നരേന്ദ്രമോദിയും ബിജെപിയും ആര്‍എസ്എസും ഹിന്ദു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളും ഒഴിവാക്കി.
നോട്ടുനിരോധനവും ജിഎസ്ടിയും അദാനിക്കും അംബാനിക്കും വേണ്ടി ചെയ്തതാണെന്നതും ഒഴിവാക്കി. അഗ്നിവീര്‍ പ്രധാനമന്ത്രിയുടെ ബ്രെയിന്‍ ചൈല്‍ഡ് ആണെന്ന് പറഞ്ഞതും ‘യൂസ് ആന്‍ഡ് ത്രോ’ പദ്ധതിയാണെന്നുമുള്ള ഭാഗവും നീക്കി. നീറ്റുമായി ബന്ധപ്പെട്ട് സ്പീക്കറുടെ മണ്ഡലം കൂടിയായ കോട്ടയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഒഴിവാക്കിയ മറ്റൊന്ന്.
അതേസമയം വീരമൃത്യു വരിച്ച അഗ്നിവീറിന് നഷ്ടപരിഹാരം നല്‍കിയില്ലെന്ന രാഹുലിന്റെ ആരോപണത്തില്‍ മറുപടിയുമായി അഗ്നിവീറിന്റെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തി. അഗ്നിവീര്‍ അജയ്കുമാറിന്റെ പരമോന്നത ത്യാഗത്തെ ഭാരത സൈന്യം അഭിവാദ്യം ചെയ്തിട്ടുണ്ട്. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍. അജയ്യുടെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അഗ്നിവീര്‍ സ്കീം വ്യവസ്ഥ അനുസരിച്ച് ഏകദേശം 67 ലക്ഷം രൂപയുടെ എക്സ് ഗ്രേഷ്യയും മറ്റാനുകൂല്യങ്ങളും നല്കി. ഏകദേശം ഒരുകോടി 63 ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിക്കുക. ഇങ്ങനെ വീരമൃത്യു വരിച്ച ഓരോരുത്തര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു രാഹുല്‍ ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അസത്യ പ്രസ്താവനയ്ക്കെതിരെ സൈന്യം തന്നെ രംഗത്തു വന്നതോടെ രാഹുലിന്റെ കള്ളങ്ങള്‍ പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: