ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, മുസ്ലിം സമുദായത്തെ പാര്‍ട്ടിയിലേക്കു കൂടുതല്‍ അടുപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കണമെന്ന് സിപിഎം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുതിയ വോട്ടുബാങ്ക് സൃഷ്ടിക്കണം. എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ നീക്കം സംശയകരമാണെന്നും പ്രതിരോധിക്കണമെന്നും ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോവുകയാണെന്നും കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
താഴേത്തട്ടു മുതല്‍ മുകളിലത്തെ തലം വരെയുള്ള പാര്‍ട്ടി നേതാക്കളുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം സാധാരണ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തില്‍ ബിജെപി വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആലപ്പുഴയിലും ആറ്റിങ്ങലിലും അടക്കം നിരവധി മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലില്‍ പരാജയപ്പെട്ടത് ചെറിയ വോട്ടിനാണെങ്കിലും ബിജെപി സിപിഎമ്മിന്റെ വോട്ടുവിഹിതത്തിന് അടുത്തെത്തി. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളും ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് ലഭിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം. ജാതി-വര്‍ഗീയ സംഘടനകളാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത്. ഈഴവ സമൂഹത്തിന്റെ പ്രബല സംഘടനയായ എസ്എന്‍ഡിപി ബിജെപിക്കായി പ്രവര്‍ത്തിച്ചു. മുസ്ലിം സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് അവരുടെ വോട്ട് സമാഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കണം. മുസ്ലിം പ്രീണനം എന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിച്ചെടുക്കണം.
ഹിന്ദുവികാരങ്ങളും ജാതിഘടകങ്ങളും മറ്റു സീറ്റുകളിലും പാര്‍ട്ടി വോട്ടുബാങ്കിനെ ബാധിച്ചു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിജയകരമായ നടത്തിപ്പ് ചൂണ്ടിക്കാട്ടി വോട്ട് സമാഹരിക്കാന്‍ ബിജെപിക്കായി. പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയാക്കി. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിച്ചതാണ് സിപിഎം പരാജയത്തിന് കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ ജനങ്ങളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അടക്കം മുടങ്ങിയത് അതൃപ്തി വര്‍ധിപ്പിച്ചു. മാവേലി സ്റ്റോറുകളിലും സപ്ലൈകോയിലും അവശ്യ സാധനങ്ങളില്ലാത്തതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ഡിഎ നല്‍കാത്തതും സര്‍ക്കാരിനോടുള്ള അസംതൃപ്തിക്ക് കാരണമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: