ലണ്ടന്‍: രാജ്യം മാറ്റത്തിനുവേണ്ടി വോട്ടുചെയ്തെന്ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണമെന്നും ഡൗണിങ് സ്ട്രീറ്റിലെ അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യപ്രസംഗമായിരുന്നു ഇത്.
ഋഷി സുനാക്കിന്റെ നേട്ടങ്ങളെപ്പറ്റിയും കെയ്ര് സ്റ്റാര്‍മര്‍ പരാമര്‍ശിച്ചു. ആദ്യ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രിയാകാന്‍ സുനാക്കിന് വേണ്ടിവന്ന പ്രയത്നത്തെ ആരും വിലകുറച്ചുകാണില്ല. സുനാക്കിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണമനോഭാവത്തേയും പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാറ്റത്തിനും സാമൂഹിക സേവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനും ബ്രിട്ടന് വോട്ടുചെയ്തു. ഓരോ വ്യക്തിയേയും തന്റെ സര്‍ക്കാര്‍ ആദരവോടെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്താലും ഇല്ലെങ്കിലും സര്‍ക്കാര്‍ നിങ്ങളെ സേവിക്കാനുണ്ടാകും. ആദ്യം രാഷ്ട്രം, പാര്‍ട്ടി രണ്ടാമത്. നമ്മുടെ രാജ്യത്തിന് വലിയ പുനഃസജ്ജീകരണം ആവശ്യമാണ്. സ്വിച്ചിടുന്നപോലെ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമയമെടുക്കും. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. രാഷ്ട്രനവീകരണ ദൗത്യത്തില്‍ സര്‍ക്കാര്‍ സേവനത്തില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ജോലി അടിയന്തരമായി ആരംഭിക്കണം, അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: