കര്‍ണ്ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളില്‍ രചയിതാക്കള്‍ അവരുടേതായ ചില മുദ്രകള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇവയാണ് സംഗീതമുദ്രകള്‍ അല്ലെങ്കില്‍ കീര്ത്തനമുദ്രകള് എന്നറിയപ്പെടുന്നത്. ഇതില്‍ പ്രധാനം വാഗ്ഗേയകാര മുദ്രയാണ്. ഈ മുദ്രകള്‍ കൃതികളെ അവയുടെ രചയിതാവിനോടു ബന്ധിപ്പിക്കുന്നു. രചനയില്‍ നിന്നു രചയിതാവിന്റെ ചരിത്രം മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് വാഗ്ഗേയകാര മുദ്രയുടെ പ്രാധാന്യം.
രചയിതാവിന്റെ മുദ്ര രണ്ടൂ രീതിയിലാണ് കീര്‍ത്തനങ്ങളില്‍ കണ്ടുവരുന്നത്.
സ്വനാമമുദ്ര ആണ് ഇതിലൊന്ന്. തിരുജ്ഞാനസംബന്ധര്‍, ജയദേവ, നാരായണതീര്‍ഥ, ത്യാഗരാജ, ചെങ്കല്‍ വരായശാസ്ത്രി, രാമനാട് ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവര്‍ വാഗ്ഗേയകാരന്റെ തന്നെ പേര് മുദ്രയായി സ്വീകരിച്ചവരാണ്. ഇതരനാമമുദ്ര ആണ് രണ്ടാമത്തേത്. രചയിതാക്കളുടെ ഇഷ്ടദേവന്റെയോ ജന്മദേശത്തിന്റെയോ പേരുകളാകാം ഇതില്‍. ഉദാ: ഗര്‍ഭപുരി, ധര്മപുരീശ മുതലായവ. പട്ടം സുബ്രഹ്മണ്യയ്യര്‍ (വെങ്കിടേശ), സുബ്ബരായശാസ്ത്രി (കുമാര), മുത്തുസ്വാമിദീക്ഷിതര്‍ (ഗുരുഗുഹ), അനയ്യ (ഉദാദാസ) തുടങ്ങിയവര്‍ ഈ രീതി പിന്തുടര്ന്നവരാണ്.
രാഗമുദ്ര
ലക്ഷണഗീതങ്ങളിലും രാഗമാലികകളിലും താളമാലികകളിലും സാധാരണയായി കണ്ടുവരുന്നതാണ് രാഗമുദ്ര. ഒരു രചനയുടെ ഏതെങ്കിലും ഒരു വരിയിലാണ് ഇതുണ്ടാവുക. സാഹിത്യാര്ഥത്തിനു പൊരുത്തപ്പെട്ടോ സാധാരണഗതിയിലോ മുദ്രകള്‍ ഉപയോഗിക്കുന്നതായി കാണാം. കോടീശ്വര അയ്യരുടെ 72 മേളകര്‍ത്താ കൃതികളിലും രാഗമുദ്ര ഉപയോഗിച്ചിട്ടുണ്ട്. രാഗമുദ്ര അര്ഥത്തിനോടൊപ്പം ഉപയോഗിച്ച മഹാനാണ് ദീക്ഷിതര്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളിലും ഇതു ദൃശ്യമാണ്. ഉദാഹരണമായി ആരഭി രാഗത്തില്‍ രചിച്ചിട്ടുള്ള ‘ശ്രീസരസ്വതീ നമോസ്തുതേ’. സമഷ്ഠിചരണത്തില് ‘സംസാരഭീത്യാപഹേ’ എന്ന ഭാഗത്ത് ആരഭിയെന്നും അതിനോടൊപ്പം സംസാരഭീതിയെ ഇല്ലാതാക്കുന്നവള്‍ എന്ന അര്‍ഥവും വരുന്നു. ഇതുപോലെ അനേകം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
രാഗമുദ്രകളും ശുദ്ധമെന്നും സൂചിതമെന്നും രണ്ടുവിധത്തില്‍ കാണാം.
ഒരു രാഗനാമം കൃതിയില്‍ വളരെ വ്യക്തമാണെങ്കില്‍ അതിനെ ശുദ്ധമെന്നു വിളിക്കും. മഹാവൈദ്യനാഥയ്യരുടെ രചനയായ ‘പാഹിമാം ശ്രീ രാജരാജേശ്വരി’യില്‍ ‘ജനരഞ്ജനി’ എന്ന രാഗനാമം വ്യക്തമായിത്തന്നെ കൊടുത്തിരിക്കുന്നത് ഉദാഹരണം.നിര്‍ദ്ദേശരൂപത്തില്‍ രാഗനാമം നല്കുന്ന രീതിയാണ് സൂചിതം. ‘സാനന്ദം’ എന്ന സ്വാതിതിരുനാളിന്റെ രാഗമാലികയില്‍ ശുദ്ധ തരംഗിണി എന്ന രാഗത്തെ സൂചിപ്പിക്കാന്‍ അദ്ദേഹം നല്‍കിയിരിക്കുന്നത് ക്ഷീരതരംഗിണി എന്ന സൂചനയാണ്.
താളമുദ്ര
കീര്‍ത്തനാലാപനത്തില്‍ ഉപയോഗപ്പെടുത്തുന്ന താളത്തിന്റെ പേര് ഒരു കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് താളമുദ്ര. താളമാലികയില് ഇതൊരു അനിവാര്യഘടകവുമാണ്. രാഗതാളമാലികയില് രാഗനാമവും താളനാമവും ചേര്‍ത്തിട്ടുണ്ടാവും. രാമസ്വാമിദീക്ഷിതര്‍ രചിച്ചിട്ടുള്ള 108 രാഗതാളമാലികയില് ആദ്യത്തെ ഖണ്ഡത്തില്‍ത്തന്നെ നാട്ട (രാഗം), ധ്രുവം (താളം) എന്നിങ്ങനെ രാഗനാമവും താളനാമവും കൊടുത്തിട്ടുണ്ട്.
ആചാര്യമുദ്ര
ചിലര്‍ ഗുരുവിന്റെ പേര് സ്വരചനകളില്‍ ചേര്‍ക്കാറുണ്ട്. പൈദാല ഗുരുമൂര്‍ത്തി ശാസ്ത്രിയുടെ നാട്ട രാഗത്തിലുള്ള സപ്തതാള ഗീതത്തില്‍ ‘ഗാനവിദ്യാധുരന്തര വെങ്കടസുബ്ബയ്യഗുരോ’ എന്നു ചേര്‍ത്തിരിക്കുന്നത് ഉദാഹരണം. പൊന്നയ്യാപിള്ളയുടെ മായാമാളവഗൗള കൃതിയായ ‘മായാതീത സ്വരൂപിണി’യില്‍ അദ്ദേഹം ഗുരു മുത്തുസ്വാമിദീക്ഷിതരെ പരാമര്‍ശിച്ചിരിക്കുന്നത് മറ്റൊരു ഉദാഹരണം.
ആറുമുതല്‍ 102 വരെയുള്ള പദ്യസംഹിതയില് ഭദ്രാചലം രാമദാസ് ഗുരുനാഥനായ രഘുനാഥ ഭട്ടാചാര്യയെക്കുറിച്ചും, ‘ദേവദേവം ക്വേതിതം’ എന്ന കൃഷ്ണലീലാതരംഗിണിയില്‍ നാരായണതീര്‍ഥര്‍ ഗുരുവായ ശിവരാമതീര്ഥരെയും പ്രകീര്‍ത്തിച്ചിരിക്കുന്നത് ഉള്‍പ്പെടെ ഈ വിഭാഗത്തില്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ വേറെയും ചൂണ്ടാക്കാട്ടാനുണ്ട്.
രാജമുദ്ര
മുന്‍കാലങ്ങളില്‍ കലയെ പരിപോഷിപ്പിച്ചിരുന്നവരില് ഏറെയും രാജാക്കന്മാരോ നാടുവാഴികളോ ആയിരുന്നു. വാഗ്ഗേയകാരന്മാര് അവരുടെ പേരുകള്‍ രചനകളില്‍ ചേര്‍ത്തിട്ടുണ്ട്. ഇതാണ് രാജമുദ്ര എന്ന് അറിയപ്പെടുന്നത്. ഘനം കൃഷ്ണയ്യര്‍ :
‘പേരെങ്കും പാര്‍ത്താലും’ എന്ന തന്റെ കല്യാണിരാഗപദത്തില് ഉദയര്പാളയത്തുള്ള കലാസംരക്ഷകനായ ‘കാഞ്ചി കല്യാണരംഗയെ’ പരാമര്ശിച്ചിരിക്കുന്നതും മുത്തുസ്വാമിദീക്ഷിതരുടെ ചതുര്ദശരാഗമാലികയില് വൈദ്യലിംഗമുതലിയാരെക്കുറിച്ച് പറഞ്ഞിരിക്കുന്നതും തോടിരാഗ അടതാളവര്ണമായ കനകാംഗിയില്‍ പല്ലവി ഗോപാലയ്യയുടെ കൃതിയില്‍ ശരഭോജി മഹാരാജാവിനെപ്പറ്റി പറഞ്ഞിട്ടുള്ളതും ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
.
വംശമുദ്ര
രചയിതാവ് ഏതു വംശത്തിലും ഗോത്രത്തിലുമാണ് ജനിച്ചതത് എന്നു സൂചിപ്പിക്കുന്ന മുദ്രകളണ് വംശ മുദ്ര എന്ന് അറിയപ്പെടുന്നത്. ത്യാഗരാജസ്വാമികളുടെ ശിഷ്യനായ വലജപത് വെങ്കിടരമണ ഭാഗവതര്‍ ഗുരുവിനെ സ്തുതിച്ച് രചിച്ച ‘മംഗളശതക’ത്തില്‍ തന്റെ ഗുരു ‘കകര്‍ല’ വംശജനാണെന്നു പറഞ്ഞിരിക്കുന്നു. ‘ദൊരഗുണ’ എന്ന കൃതിയില്‍ ത്യാഗരാജസ്വാമികള്‍ താന്‍ രാമബ്രഹ്മത്തിന്റെ മകനാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം വസന്തരാഗത്തില്‍ രചിച്ച ‘സീതമ്മ മായമ്മ’ കൃതിയില്‍ പല്ലവിയില്‍ത്തന്നെ തന്റെ മാതാപിതാക്കളുടെ പേരുകള്‍ പറഞ്ഞിരിക്കുന്നു. ദാശരഥി ശതകത്തിലെ 103-ാം പദ്യത്തില്‍ ഭദ്രാചലം രാമദാസ് തന്റെ ഗോത്രത്തെയും കുലത്തെയുംകുറിച്ച് പറഞ്ഞിരിക്കുന്നതും ഉദാഹരണം.
പ്രബന്ധമുദ്ര
ഏതു പ്രബന്ധമാണോ എഴുതിയിട്ടുള്ളത്, അതിന്റെ നാമത്തെ കുറിക്കുന്ന മുദ്ര അടങ്ങിയിട്ടുണ്ടെങ്കില്‍ അത് പ്രബന്ധമുദ്ര. മധ്യകാലഘട്ടത്തിലെ രചനകളിലാണ് പ്രബന്ധമുദ്ര കൂടുതലും ദൃശ്യമാകുന്നത്. അരുണഗിരിനാഥര്‍ ‘തിരുപ്പുഗഴില്’ സിനട്ടവര് , ഭക്തിയാല്‍ ഉന്നെ എന്ന ഭാഗത്ത് പ്രബന്ധമുദ്ര ഉപയോഗിച്ചിട്ടുണ്ട്. വെങ്കിട്ടരാമശാസ്ത്രി കൈവാര പ്രബന്ധത്തില്‍ തൊട്ഗിഡം ധിമി എന്ന ഭാഗത്തും ത്യാഗരാജര്‍ ശതരാഗരത്ന മാലികയില്‍ രാഗരത്നമാലികചേ എന്ന ഭാഗത്തും പ്രബന്ധമുദ്ര ഉപയോഗിച്ചിട്ടുണ്ട്.
നായകമുദ്ര
പദങ്ങളില്‍ സാധാരണ കാണുന്ന ഈ മുദ്രയില്‍ രചയിതാവ് അവരുടെ ഇഷ്ട നായകനെ തെരഞ്ഞെടുത്ത് കൃതിയില്‍ ഉള്‍പ്പെടുത്തുന്നതാണിത്. ചില കൃതികളില്‍ ഏതെങ്കിലും ക്ഷേത്ര ദേവനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ആ ക്ഷേത്രത്തിന്റെ പേരുകൂടി ചേര്‍ക്കാറുണ്ട്. തേവാരത്തിലും തിരുപ്പുകഴിലും തിരുവാചകത്തിലും ഇത്തരം മുദ്രകള്‍ കാണാം. ത്യാഗരാജസ്വാമികള്‍ സന്ദര്‍ശിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെ ദേവതകളെ പ്രകീര്‍ത്തിക്കുന്ന ചില പഞ്ചരത്ന കൃതികളില്‍ അദ്ദേഹം ദേവതാമുദ്രയോ സ്ഥലമുദ്രയോ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഉദാഹരണം: കോവൂര്‍ പഞ്ചരത്നം, തിരുവൊട്ടിയൂര്‍ പഞ്ചരത്നം തുടങ്ങിയവ. മുത്തുസ്വാമിദീക്ഷിതരുടെ പഞ്ചലിംഗ സ്ഥലകൃതികളിലും ശ്യാമാശാസ്ത്രിയുടെ നവരത്നമാലികയിലും വീണകുപ്പയ്യരുടെ കാളഹസ്തീശ പഞ്ചരത്നത്തിലും ഇതുപോലുള്ള മുദ്രകള്‍ കാണാം.
എസ്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: