പത്തനംതിട്ട: ഏലയ്ക്കായിലെ കീടനാശനി സാന്നിദ്ധ്യത്തെ തുടര്‍ന്ന് വിതരണം നിര്‍ത്തിവെച്ച അരവണ നശിപ്പിക്കാനുള്ള കരാര്‍ ഏറ്റുമാനൂര്‍ ആസ്ഥാനമായ കമ്പനിക്ക്. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്റെ ഉത്തരവ് കൂടി ലഭിച്ചാല്‍ അരവണ മാറ്റാനുള്ള ജോലികള്‍ തുടങ്ങാം. ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്ന കമ്പനിയാണ് അരവണ നശിപ്പിക്കാനുള്ള ക്വട്ടേഷന്‍ എടുക്കുന്നത്. ശബരിമലയില്‍ ഒന്നരവര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ മലയിറക്കി നശിപ്പിക്കാന്‍ 1.16 കോടിരൂപയാണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.
ടെന്‍ഡറിലെ ഏറ്റവും കുറഞ്ഞ തുക ഇവരുടേതാണ്. ദേവസ്വംബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച മൂന്ന് കമ്പനികളെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് 1.89 കോടി രൂപയും അക്വേഷ്യാ വാട്ടര്‍ സൊല്യൂഷന്‍സ് 1.76 കോടി രൂപയുമാണ് അരവണ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. മൂന്ന് കമ്പനികളുടേയും വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറും. സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക. മാളികപ്പുറം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ ഏറ്റുമാനൂരിലെ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് കമ്പനിയില്‍ എത്തിക്കും. ടിന്നുകള്‍ പൊട്ടിച്ച് അരവണ മാറ്റിയെടുക്കും. അതിനുശേഷം വളമാക്കും.
കേടായ അരവണ സൂക്ഷിച്ചിരിക്കുന്നതിനാല്‍ സന്നിധാനത്തെ വലിയൊരു കെട്ടിടമാണ് പൂര്‍ണമായും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നത്. പ്ലാന്റില്‍ ഉണ്ടാക്കുന്ന അരവണ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന അരവണ, ടിന്നുകളില്‍നിന്ന് പൊട്ടിയൊലിച്ച് ശര്‍ക്കരയുടെ മണം പരക്കുന്നുണ്ട്. രണ്ടുവട്ടം മണം പിടിച്ച് ആനകള്‍ ഇതിനടുത്ത് എത്തുകയുംചെയ്തു.
2023 ജനുവരിയിലാണ് ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതി, 6.65 കോടി രൂപ വിലവരുന്ന അരവണ വില്ക്കാന് പാടില്ലെന്ന് ഉത്തരവിട്ടത്. എന്നാല്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. കീടനാശിനി അംശം ഉണ്ടെന്ന് തെളിയിക്കാന്‍ ഹര്ജിക്കാരന് കഴിയാതിരുന്നതിനാല്‍ കേസ് തള്ളിപ്പോയി. അപ്പോഴേക്കും നാള് ഏറെ കഴിഞ്ഞിരുന്നതിനാല്‍ പഴകിയ അരവണ ഉപയോഗിക്കേണ്ടെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: