- പഠനാവസരം 17 ഗവണ്മെന്റ് കൊമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍; കാലാവധി 2 വര്‍ഷം
- പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.polyadmission.org/gci- ല്‍
- ജൂലൈ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം, 8 നകം ഫീസ് അടയ്ക്കണം
- കരട് റാങ്ക് ലിസ്റ്റ് ജൂലൈ 11 നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക 17 നും പ്രസിദ്ധപ്പെടുത്തും
- അഡ്മിഷന് കൗണ്‍സലിങ് ജൂലൈ 18-20 വരെ, ക്ലാസുകള്‍ 24 ന് തുടങ്ങും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 17 ഗവണ്മെന്റ് കൊമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ (ജിസിഐ) എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് രണ്ടുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് റഗുലര്‍ ഡിപ്ലോമ കോഴ്സ് പഠിക്കാം. ഇംഗ്ലീഷ്-മലയാളം ടൈപ്പ്റൈറ്റിങ് ആന്റ് വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്-മലയാളം ഷോര്‍ട്ട് ഹാന്റ്, ഹിന്ദി ടൈപ്പ്റൈറ്റിങ്, ഡിടിപി ഇംഗ്ലീഷ് ആന്റ് മലയാളം, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പിതോണ് പ്രോഗ്രാമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ എന്‍ട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ബിസിനസ് കറസ്പോണ്ടന്റ്സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കി ഡിപ്ലോമ നേടുന്നവര്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു/സ്വകാര്യ മേഖലകളില്‍ ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് പേര്‍സണല്‍ അസിസ്റ്റന്റ്/സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍, ക്ലര്‍ക്ക് ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ജിസിഐ മുതലായ തസ്തികകളില്‍ ജോലി സാധ്യതയുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.org/gci ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഒറ്റതവണ രജിസ്ട്രേഷന്, അപേക്ഷ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ജൂലൈ 9 വരെ സമര്‍പ്പിക്കാം. പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 100 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 50 രൂപ. ഈ തുക വണ്‍ടൈം രജിസ്ട്രേഷന് ഫീസായി ജൂലൈ 8 നകം അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് അപേക്ഷയില്‍ പ്രതേ്യകം ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്.
എസ്എസ്എല്‍സി/തത്തുല്യ പരീക്ഷക്ക് ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് ആസ്പദമാക്കിയാണ് പ്രവേശന റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. കരട് റാങ്ക് ലിസ്റ്റ് ജൂലൈ 11 നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക 17 നും പ്രസിദ്ധപ്പെടുത്തും. അഡ്മിഷന് കൗണ്‍സലിങ് ജൂലൈ 18-20 വരെ നടത്താവുന്നതാണ്. സെലക്ഷന്/പ്രവേശന നടപടികള്‍ പ്രോസ്പെക്ടസിലുണ്ട്. ക്ലാസുകള്‍ ജൂലൈ 24 ന് തുടങ്ങും.
പ്രവേശനം ലഭിക്കുന്നവര്‍ അഡ്മിഷന് സമയത്ത് ഇനി പറയുന്ന ഫീസുകള്‍ നല്‍കണം. പ്രവേശന ഫീസ് 135 രൂപ, സ്പെഷ്യല്‍ ഫീസ് 350 രൂപ, കരുതല്‍ നിക്ഷേപം 300 രൂപ; വാര്‍ഷിക ട്യൂഷന് ഫീസ് 765 രൂപ. ട്യൂഷന് ഫീസ് പ്രവേശനസമയത്ത് 265 രൂപയും ബാക്കി രണ്ട് തുല്യ ഗഡുക്കളായും അടച്ചാല്‍ മതി. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യത്തിനും സ്റ്റൈപ്പന്റിനും അര്‍ഹതയുണ്ടായിരിക്കും. സീറ്റുകളിലെ സംവരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: