കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്‌ക്കുളള തടസം നീങ്ങി.
കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ അപ്പീൽ നല്‍കിയത്. പൊലീസിന്റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഹർജി തളളിയതോടെ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തതും അസാധുവായി. പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു. പി. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: