വടക്കാഞ്ചേരി : ശോചനീയാവസ്ഥയിലായി ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പത്തല്‍പാലം. മഴയില്‍ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുന കുത്തിയൊലിക്കുന്ന വാഴാനിപ്പുഴക്ക് കുറുകെ അപകടക്കെണിയായ പാലത്തിലൂടെ സാഹസിക യാത്ര നടത്തി വലിയൊരു വിഭാഗം ജനത. വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് കെപി എന്‍ നഗറില്‍ നിന്നും എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് തോട്ടുപാല പരിസരവുമായി ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണ് മൂന്ന് കവുങ്ങുകള്‍ വീതം നീളത്തില്‍ പുഴക്ക് കുറുകെയിട്ട താത്ക്കാലിക പാലം.
ഇതുവഴിയല്ലെങ്കില് തൊട്ടപ്പുറത്തുള്ള കൃഷിയിടത്തിലേക്കും മറ്റും എത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും . പാലം എന്നാണ് ഇവിടെ വന്നത് എന്നതിനെക്കുറിച്ച് വയോധികര്‍ ഉള്‍പ്പടെയുള്ള ഇന്നത്തെ തലമുറക്ക് കൃത്യമായ ധാരണയില്ല . കഴിഞ്ഞ പ്രളയ കാലത്ത് പുഴ കര കവിഞ്ഞ് പാലം പുഴയെടുത്തിരുന്നു. പിന്നീട് പുനസ്ഥാപിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നഗരസഭ ഇടപെട്ട് വേനലില്‍ അറ്റകുറ്റപ്പണികള്‍ക്ക് സഹായം നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം അതുമുണ്ടായില്ല. കവുങ്ങിന് തണ്ടുകളും പാലം പുഴയില്‍ ഉറപ്പിച്ചു നിര്‍ത്തിയ മുളങ്കുറ്റികളുമെല്ലാം അതീവ ദുര്‍ബലമാണെന്നും ഭീതിയോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനത ഇതുവഴി സഞ്ചരിക്കുന്നതെന്നും പ്രദേശവാസിയും കര്‍ഷകനുമായ പുത്തൂര്‍ വീട്ടില്‍ ജോസ് പറയുന്നു.
ഒരു കാലത്ത് പാടശേഖരങ്ങളിലേക്ക് ഞാറ്റടികളും കൊയ്തെടുത്ത നെല്ല്, വൈക്കോല്‍ എന്നിവയെല്ലാം ഇതിലെയാണ് ഇരുകരകളിലേക്കും എത്തിച്ചിരുന്നത്. അധികൃതര്‍ ഇടപെട്ട് ഉറപ്പുള്ള ഒരു കോണ്‍ക്രീറ്റ് നടപ്പാലമെങ്കിലും യാഥാര്‍ത്ഥ്യമാക്കി നല്‍കണമെന്നാണ് ജനകീയ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: