തോൽപ്പാവക്കൂത്തിനെ കാലോചിതമായി പരിഷ്കരിച്ച് അവതരിപ്പിക്കുന്ന രാമചന്ദ്ര പുലവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സിനിമ–-നാടക പ്രവർത്തകൻ സഹീർ അലിയാണ് 27 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്. സഹീർ അലിയുടെ മകൾ ഫാബി സഹീർ തിരക്കഥ തയ്യാറാക്കി പി.ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന സിനിമാചിത്രീകരണത്തിനിടയിലാണ് സഹീർ അലി തോൽപ്പാവക്കൂത്തിനെക്കുറിച്ച് പഠിക്കുന്നത്. തുടർന്ന് രാമചന്ദ്ര പുലവരുമായി അടുത്തു. തോൽപ്പാവക്കൂത്ത് സമന്വയിപ്പിച്ച് നാടിന്നകം നാടകം, നിഴലാട്ടപ്പെരുമ തുടങ്ങിയ നാടകങ്ങൾ തയ്യാറാക്കി അരങ്ങിലെത്തിച്ചു.
തോൽപ്പാവക്കൂത്തിന്റെ വലിയ പാരമ്പര്യത്തിനുടമയായ പുലവർകുടുംബവുമായി പുലർത്തിയ ദീർഘനാളത്തെ സൗഹൃദമാണ് വിവരണചിത്രമൊരുക്കാൻ സഹീർ അലിയെ പ്രേരിപ്പിച്ചത്. ആദ്യപ്രദർശനവും ചിത്രാവലോകനവും പാലാരിവട്ടം ഡോൺ ബോസ്കോ ഇമേജ് തിയറ്ററിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പാകെ അഞ്ചിന് പകൽ മൂന്നിന് നടക്കും.
കഥയിലൂടെയും പാട്ടിലൂടെയും അവതരിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തോൽപ്പാവക്കൂത്തിനെ നവീകരിക്കാനും ജനകീയമാക്കാനും മുന്നിട്ടിറങ്ങിയവരാണ് കുനത്തറ കൃഷ്ണൻകുട്ടി പുലവരും മകൻ രാമചന്ദ്ര പുലവരും. കമ്പരാമായണം കഥയെ ആസ്പദമാക്കി തുടർച്ചയായി 21 ദിവസം കഥപറഞ്ഞ് നടത്തുന്ന കൂത്തിനെ ഒരുമണിക്കൂറിലൊതുക്കി സ്റ്റേജ് പരിപാടിയാക്കിയതും ക്ഷേത്രത്തിന് പുറത്തേക്കാനയിച്ചതും കൃഷ്ണൻകുട്ടി പുലവരാണ്. 1965ൽ സംഘടിപ്പിച്ച ലോക മലയാളസമ്മേളന വേദിയിൽ അവതരിപ്പിച്ചാണ് ആദ്യമായി ക്ഷേത്രത്തിനുപുറത്ത് തോൽപ്പാവക്കൂത്ത അരങ്ങേറിയത്. തുടർന്ന് 1979ൽ റഷ്യയിലെ അന്തർദേശീയ പാവകളിമേളയിൽ അവതരിപ്പിച്ച് രാജ്യത്തിന് പുറത്തേക്കെത്താനും തോൽപ്പാവക്കൂത്തിനായി.
കൃഷ്ണൻകുട്ടി പുലവർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. മകൻ രാമചന്ദ്ര പുലവർ കലാരൂപത്തെ വൈവിധ്യവൽക്കരിക്കാനും പുതിയ അവതരണസാധ്യതകൾ തേടാനും നേതൃത്വം നൽകി. സ്വാതന്ത്ര്യസമരകഥ പ്രമേയമാക്കി ഗാന്ധിചരിത്രം, യേശുദേവന്റെ ചരിത്രാഖ്യാനമായി യേശുചരിത്രം തുടങ്ങിയവയും പഞ്ചതന്ത്രം കഥകളും ചണ്ഡാലഭിക്ഷുകിപോലുള്ള മലയാളസാഹിത്യ കൃതികളും എയ്ഡ്സ്, ലഹരി തുടങ്ങിയ ബോധവൽക്കരണ കൂത്തുകളും വിഷയമാക്കി. 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഷൊർണൂരിലെ കുനത്തറവീട്ടിൽ സ്ഥിരംവേദിയും 600 വർഷം പഴക്കമുള്ള തോൽപ്പാവകളും ഉൾപ്പെടെ കൂത്തിന്റെ ചരിത്രശേഷിപ്പുകൾ കാണാനും പഠിക്കാനുമായി നിരവധിപേർ എത്തുന്നു.
രാമചന്ദ്ര പുലവരുടെ മക്കൾ രാജീവ് പുലവരും രാഹുൽ പുലവരും കൂത്തിനായി ജീവിതം സമർപ്പിച്ചവരാണ്. രാഹുൽ പുലവർ യുഎസിലെ കണക്ടിക്കട്ട് സർവകലാശാലയിൽ ഹാരിയട്ട് ഫെലോഷിപ്പോടെ പാവക്കൂത്ത് വിഷയത്തിൽ ഗവേഷകനാണ്. ഈ മേഖലയിൽ രാജ്യത്തെ ആദ്യഗവേഷകനാണ് രാഹുൽ പുലവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: