ന്യൂദല്‍ഹി: അടുത്ത 20 വര്‍ഷവും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ വിരോധികള്‍ കോണ്‍ഗ്രസാണ്. പത്തു വര്‍ഷത്തെ ഭരണം തുടക്കം മാത്രമായിരുന്നു. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തു നിന്നു ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കും. രാഷ്ട്രപതിയുടെ നയപ്രസംഗത്തിനു രാജ്യസഭയില്‍ നന്ദി പറയുകയായിരുന്നു നരേന്ദ്ര മോദി.
തെരഞ്ഞെടുപ്പു ഫലം വന്നതു മുതല്‍ മൂന്നിലൊന്നു സര്‍ക്കാരാണിതെന്നാണ് രാഹുല്‍ നിരന്തരം പറയുന്നത്. സത്യമാണത്. 10 വര്‍ഷം മാത്രമേ കഴിഞ്ഞുള്ളൂ. ഇനിയും 20 വര്‍ഷം കൂടി ഞങ്ങളുണ്ടാകും. പത്തു വര്‍ഷത്തെ ഭരണത്തിനു ശേഷവും മൂന്നാംവട്ടം ഒരു സര്‍ക്കാരിന് രാജ്യത്തെ ജനങ്ങള്‍ പിന്തുണ നല്‍കുന്നത് 60 വര്‍ഷത്തിനു ശേഷമാണെന്നോര്‍ക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച വികസിത ഭാരതം, ആത്മനിര്‍ഭര്‍ ഭാരതം എന്നിവയുടെ പ്രാധാന്യം രാജ്യം മനസിലാക്കി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിനു ജനങ്ങള്‍ നല്കിയ പിന്തുണയെ അവഗണിക്കാനാണ് ഇത്തവണയും തോറ്റവര്‍ ശ്രമിക്കുന്നത്.
യുപിഎ കാലത്ത് പ്രധാനമന്ത്രിപദത്തെ നോക്കുകുത്തിയാക്കി ദേശീയ ഉപദേശക കൗണ്‍സിലെന്ന ഉന്നത സമിതിയുണ്ടാക്കി സോണിയ രാജ്യം ഭരിച്ചത് ഏതു ഭരണഘടന പ്രകാരമാണെന്നു മോദി ചോദിച്ചു. പ്രധാനമന്ത്രിപദത്തെ നിങ്ങള്‍ അപമാനിച്ചു. പ്രോട്ടോക്കോളില്‍ ഒരു കുടുംബത്തിനു മാത്രം പ്രാധാന്യം നല്‍കിയത് ഏതു ഭരണഘടന പ്രകാരമാണ്. ഇന്ത്യ ഇന്ദിര, ഇന്ദിര ഇന്ത്യ എന്നു പറഞ്ഞു ജീവിച്ചവര്‍ക്ക് എന്നാണ് ഭരണഘടനയോടു ബഹുമാനമുണ്ടായത്. ഭരണഘടനയുടെ ശത്രുക്കളാണ് കോണ്‍ഗ്രസുകാര്‍. അടിയന്തരാവസ്ഥ പഴയ കാര്യമല്ലേയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പഴയതാണെങ്കില്‍ നടന്നതു പറയാന്‍ പാടില്ലെന്നാണോ, മോദി ചോദിച്ചു.
കേരള മുഖ്യമന്ത്രിയെ ജയിലിലിടൂയെന്ന് ദേശീയ അന്വേഷണ ഏജന്‍സികളോടു പറയുന്നത് കോണ്‍ഗ്രസാണ്. ദല്‍ഹി മദ്യനയ അഴിമതിയിലും ഇതേ ഏജന്‍സികളോടാണ് കോണ്‍ഗ്രസ് നടപടിയാവശ്യപ്പെട്ടു പരാതി നല്‍കിയത്. യഥാര്‍ഥത്തില്‍ രാജ്യത്ത് അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച ചരിത്രം കോണ്‍ഗ്രസിന്റേതാണ്. 2013ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ഉപദ്രവിക്കുന്നെന്നു പരാതിപ്പെട്ടത് മുലായം സിങ് യാദവാണ്. 2013ല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിനെതിരേ സിബിഐയെ ഉപയോഗിക്കുന്നെന്ന് ആരോപിച്ചത് പ്രകാശ് കാരാട്ടാണ്.
അഴിമതിക്കെതിരായ പോരാട്ടം എന്റെ ദൗത്യമാണ്. രാഷ്ട്രീയ നേട്ടത്തിനായല്ല ഞാനതു ചെയ്യുന്നത്. അഴിമതിക്കാര്‍ക്കെതിരേ ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. അഴിമതിക്കാര്‍ക്കു നിയമപരമായ ശിക്ഷ നല്‍കും. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി രാജ്യസഭയും അനിശ്ചിത കാലത്തേക്ക് ഇന്നലെ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: