ആലുവ : സൈബർ തട്ടിപ്പു ചെറുക്കാൻ ജാഗ്രതാ മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും, നിക്ഷേപ, വ്യാപാര തട്ടിപ്പുകളുമായും പുതിയ രൂപത്തിൽ വരുന്ന സൈബർ തട്ടിപ്പുസംഘങ്ങൾ വ്യാപകമാണ്.
സമീപകാലത്തായി വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് നിരവധി തട്ടിപ്പുകളാണ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥരാണെന്ന വ്യാജേന യൂണിഫോം ധരിച്ച് സിബിഐ, എൻ.സി.ബി, സംസ്ഥാന പോലീസ എന്നിവരാണെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്നത്.
നിങ്ങളുടെ അഡ്രസിൽ ഡ്രഗ്സിന്റെ പാഴ്സൽ പിടികൂടിയിട്ടുണ്ട് , നിങ്ങൾ പ്രോണോഗ്രാഫിക് വൈറ്റ് സന്ദർശിച്ചിട്ടുണ്ട് , തുടങ്ങിയ കാര്യങ്ങൾ പറയുകയും, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട വ്യാജ വാറന്റുകളും , എഫ്.ഐ.ആറും മറ്റും അയച്ചു നൽകും.
നിങ്ങൾ വെർച്ച്വലായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും സംഘം പറയും. ഇങ്ങനെ പറഞ്ഞ് ഭയപ്പെടുത്തി അക്കൗണ്ടിലെ മുഴുവൻ തുകയും പരിശോധനയുടെ ഭാഗമായി, അവർ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയും. ഇത് ആർ.ബി.ഐ അക്കൗണ്ടാണെനാണ് സംഘം തെറ്റിദ്ധരിപ്പിക്കുന്നത്.
പണം അക്കൗണ്ടിൽ എത്തുന്നതുവരെ മറ്റാരുമായും ബന്ധപ്പെടാനും ഇവർ സമ്മതിക്കില്ല. പണം സംഘം പറഞ്ഞ അക്കൗണ്ടിലെത്തിക്കഴിയുമ്പോഴാണ് തട്ടിപ്പായിരുന്നു എന്ന് മനസിലാകുന്നത്. നിക്ഷേപവും വ്യാപാരവുമായി നടക്കുന്ന തട്ടിപ്പിൽ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്.
സോഷ്യൽ മീഡിയ വഴിയാണ് ഇരയെ കണ്ടെത്തുന്നത്. തുക നിക്ഷേപിച്ചാൽ വലിയ ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. താൽപ്പര്യമുള്ള വരെ ഗ്രൂപ്പുകളിൽ ആഡ് ചെയ്യും. കുറേ അക്കൗണ്ടുകൾ നൽകി നിക്ഷേപിക്കാൻ ആവശ്യപ്പെടും.വെബ്സൈറ്റുകൾ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ നടത്തുന്ന നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന റിട്ടേണുകൾ വലിയ ലാഭമാണ് നൽകുന്നതെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നു.
ഇരയാക്കപ്പെട്ടവർ നിക്ഷേപങ്ങൾ പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് പണം ലഭിക്കാതെ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുന്നത്.സൈബർ തട്ടിപ്പ് സംഘങ്ങൾ പുതു തന്ത്രങ്ങളിലൂടെ ഇരയാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തട്ടിപ്പുസംഘങ്ങളുടെ കെണിയിൽ വീഴാതെ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: