ന്യൂദല്‍ഹി: ഹിന്ദുക്കള്‍ ഭയവും വെറുപ്പുമുണ്ടാക്കുന്ന അക്രമികളാണെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍. ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ മോശം പെരുമാറ്റവും വാക്കുകളും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് എതിര്‍ത്തു.
മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമികളെന്നു വിളിക്കുന്നത് ഗൗരവകരമായ പ്രശ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിനു മറുപടി നല്കി. സിഖുകാരെ കൂട്ടക്കൊല ചെയ്യുകയും അടിയന്തരാവസ്ഥ നടപ്പാക്കി ഭരണഘടനയെ തകര്‍ക്കുകയും ചെയ്ത പാര്‍ട്ടിയുടെ നേതാവിന്റെ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നും രാഹുല്‍ മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രസംഗത്തിന്മേല് നടന്ന നന്ദിപ്രമേയ ചര്‍ച്ചയില്‍ തരംതാണ ഭാഷയില്‍ പരിഹാസം നിറഞ്ഞ വാക്കുകളും പ്രതിപക്ഷ നേതാവിനു യോജിക്കാത്ത പരാമര്‍ശങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു രാഹുലിന്റെ പ്രസംഗം. ഹിന്ദുക്കളെന്നു പറയുന്നവര്‍ സംഘര്‍ഷവും വെറുപ്പും മാത്രമുണ്ടാക്കുന്നവരാണെന്ന രാഹുലിന്റെ പരാമര്‍ശം വിവാദമായതോടെ താന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ഹിന്ദുക്കളെയല്ലെന്നും ബിജെപിക്കാരെയാണെന്നും പറഞ്ഞ് ന്യായീകരിച്ചു.
ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ഭയപ്പെടുത്തുകയാണ് ബിജെപി. ബിജെപിയോ നരേന്ദ്ര മോദിയോ ആര്‍എസ്എസോ അല്ല ഹിന്ദുസമൂഹം. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുയര്ത്തിക്കാട്ടി മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാടകങ്ങളും രാഹുല്‍ സഭയില്‍ നടത്തി.
രാഹുലിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ രംഗത്തെത്തിയ അമിത് ഷാ, കോടിക്കണക്കിനു പേരാണ് ഹിന്ദുക്കളായതില്‍ അഭിമാനിക്കുന്നതെന്നും രാഹുല്‍ പറയുന്നത് അവരെല്ലാം ആക്രമണകാരികളാണെന്നും ചൂണ്ടിക്കാട്ടി.
1975ല്‍ ഭരണഘടന തകര്‍ത്ത് രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥ നടപ്പാക്കിയവരും 1984ല്‍ ആയിരക്കണക്കിന് സിഖ് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തവരുമാണ് കോണ്‍ഗ്രസ്. സംഘര്‍ഷരഹിത സമൂഹത്തെപ്പറ്റി പറയാന്‍ രാഹുലിന് അവകാശമില്ല. ഹിന്ദുക്കളെ അക്രമികളാക്കി ചിത്രീകരിക്കുന്ന രാഹുല്‍ മാപ്പ് പറയണം. ആക്രമണത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നത് തെറ്റാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ പ്രസംഗത്തിനെതിരേ ഭരണപക്ഷാംഗങ്ങള്‍ കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. ഹിന്ദു ദൈവങ്ങളെയും ഹിന്ദുമതത്തെയും ഉദാഹരണമാക്കി പ്രസംഗിക്കാന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും മറ്റു മതങ്ങളെ ഉദ്ധരിച്ച് ഇത്തരത്തില്‍ രാഷ്ട്രീയ പ്രസംഗം നടത്തുമോയെന്നും മുന്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ലോക്സഭയില്‍ സ്റ്റാന്‍ഡപ് കൊമേഡിയന്‍ പരിപാടിയാണ് രാഹുല്‍ നടത്തിയതെന്ന് കങ്കണ റണാവത്ത് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: