ന്യൂദല്‍ഹി: താന്‍ ഹസ്തദാനം ചെയ്തപ്പോള്‍ തല കുനിക്കാത്തതെന്താണെന്ന് സ്പീക്കര്‍ ഓം ബിര്‍ളയെ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താങ്കള്‍ തല കുനിച്ച് വണങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാനും താങ്കള്‍ക്ക് ഹസ്തദാനം ചെയ്തു. പക്ഷേ എന്റെ മുന്നില്‍ താങ്കള്‍ തല കുനിച്ചില്ല, പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താണ് രാഹുല്‍ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞത്. സ്പീക്കറോട് രാഹുല്‍ അനാദരവ് കാട്ടുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇതിനോട് പ്രതികരിച്ച രാഹുല്‍ പ്രതിപക്ഷ നേതാവെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ ഒരു വ്യക്തി മാത്രമല്ല, പ്രതിപക്ഷ നേതാവുമാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകാം, എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ടാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് രാഹുല്‍ പറഞ്ഞു.
എന്നാല്‍ രാഹുലിന്റെ അമര്‍ഷത്തോട് സൗമ്യമായാണ് സ്പീക്കര്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സഭാ നേതാവാണ്. എന്നേക്കാള്‍ മുതിര്‍ന്നവരെയും മുതിര്‍ന്ന പദവിയിലുള്ളവരെയും തല കുനിച്ച് നമസ്കരിക്കുക എന്നത് എന്റെ സംസ്കാരമാണ്. തുല്യരോട് ഹസ്തദാനം ചെയ്യാനും അതേ സംസ്കാരമാണ് എന്നേ പഠിപ്പിക്കുന്നത്, ഓം ബിര്‍ള പറഞ്ഞു.
ഒടുവില്‍ സ്പീക്കറോട് തനിക്ക് ബഹുമാനമാണെന്നും സ്പീക്കര്‍ ആരുടെ മുന്നിലും തല കുനിക്കരുതെന്നുള്ളത് കൊണ്ടാണ് ഇത് പറയുന്നതെന്നായി രാഹുലിന്റെ വാദം. സഭയില്‍ സ്പീക്കറെക്കാള്‍ വലുത് ആരുമില്ല. മുഴുവന്‍ പ്രതിപക്ഷവും സ്പീക്കര്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. ലോക്സഭയിലെ അവസാന വാക്കാണ് സ്പീക്കറെന്നും സഭയിലെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന് വിധേയരാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: