കടമ്പഴിപ്പുറം: വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ ക്ഷേത്ര ജീവനക്കാരും പോലീസും സംരക്ഷിക്കുന്നതായി ആരോപണം. പട്ടാപകല്‍ മോഷണം നടത്തിയയാളെ നിയമത്തിന് മുന്നില്‍ വിട്ടുകൊടുക്കാതെ ജീവനക്കാരും പോലീസും ചേര്‍ന്ന് ഒത്തുകളിക്കുന്നതായാണ് ആരോപണം.
ഇക്കഴിഞ്ഞ 22 നാണ് സംഭവം. പകല്‍ സമയം മോഷ്ടാവ് ക്ഷേത്രത്തിലെത്തി ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചത് നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഒരു ദേവസ്വം ജീവനക്കാരന് മുഖേന പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ക്ഷേത്രത്തിലെ തന്നെ മറ്റൊരു ജീവനക്കാരന് ദേവസ്വം ലെറ്റര്‍ ഹെഡില്‍ മോഷ്ടാവിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടെന്ന് കത്തെഴുതി സ്ഥലത്തെത്തിയ എസ്ഐയ്ക്ക് കൈമാറുകയായിരുന്നു.
സ്ഥലത്തില്ലാതിരുന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കത്തെന്നും മോഷ്ടാവ് സാമ്പത്തിക പ്രയാസം അനുഭവിക്കുന്നയാളാണെന്നും കാണിച്ച് ജീവനക്കാരന് ഒപ്പിട്ട കത്ത് ലഭിച്ചതോടെ മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കാനോ മോഷണ മുതല്‍ കണ്ടെടുക്കാനോ തയ്യാറാകാതെ പോലീസ് തിരിച്ചുപോയതായാണ് ഭക്തജനങ്ങള്‍ ഉന്നയിക്കുന്ന പരാതി. പോലീസിന്റെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും നിയമലംഘനവുമുണ്ടായെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മോഷ്ടാവ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്നും ഭാരിച്ച സംഖ്യ നഷ്ടപ്പെട്ടിട്ടില്ലെന്നും സ്ഥലത്തില്ലായിരുന്ന തനിക്ക് ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടികള്‍ വേണ്ടെന്നു തീരുമാനിച്ചതെന്നുമാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: