ജമ്മു : ജൂൺ 9 ന് ഒമ്പത് സിവിലിയന്മാരും അവരിൽ ഏഴ് ശിവ് ഖോറി തീർത്ഥാടകരും കൊല്ലപ്പെട്ട റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജൗരി ജില്ലയിലെ സുന്ദർബാനി പ്രദേശത്തെ അഞ്ച് സ്ഥലങ്ങളിൽ ഇന്ന് രാവിലെ തിരച്ചിൽ നടത്തി. ഹക്കിൻ ദിനിന്റെയും കൂട്ടാളികളുടെയും ബാന്ദ്രാലിയിലും രജൗരി ജില്ലയിലെ സുന്ദർബാനിയിലെ മറ്റ് പ്രദേശങ്ങളിലുമാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്.
റിയാസി ഭീകരാക്രമണത്തിൽ അറസ്റ്റിലാകുന്ന ഒരേയൊരു ഓവർ ഗ്രൗണ്ട് വർക്കർ (ഒജിഡബ്ല്യു) ഹക്കൻ ദിൻ എന്ന ഹകം ഖാൻ ആണ്. മറ്റു ചിലരെ ചോദ്യം ചെയ്യുന്നതിനായും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ കണ്ടെത്താനായിട്ടില്ല. എൻഐഎ നടത്തിയ തിരച്ചിലിൽ തീവ്രവാദികളും ഒജിഡബ്ല്യുമാരും തമ്മിലുള്ള ബന്ധം കാണിക്കുന്ന വിവിധ വസ്തുക്കൾ പിടിച്ചെടുത്തതായി എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ജൂൺ 15 ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ, തീവ്രവാദികളുമായും ഒജിഡബ്ല്യുമാരുമായും ബന്ധമുള്ള അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ പ്രതി ഹക്കിന് ദിൻ എന്ന ഹകം ഖാനാണ് സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചതെന്ന് എൻഐഎ അറിയിച്ചു.
അന്വേഷണ ഏജൻസിയുടെ അന്വേഷണമനുസരിച്ച് ഭീകരർക്ക് സുരക്ഷിതമായ പാർപ്പിടവും ലോജിസ്റ്റിക്സും ഭക്ഷണവും ഹകം നൽകിയിരുന്നു. തീവ്രവാദ ഗൂഢാലോചനയുടെ ചുരുളഴിയാൻ പിടിച്ചെടുത്ത വസ്തുക്കൾ എൻഐഎ പരിശോധിച്ചു തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: